ബ്രിസ്‌ബെയ്‌നില്‍ കേട്ട വിമര്‍ശനങ്ങള്‍ക്ക് സിഡ്‌നിയില്‍ ക്രുണാല്‍ പാണ്ഡ്യ മറുപടി നല്‍കി. ആദ്യ ട്വന്റി-20യില്‍ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയ ക്രുണാല്‍ ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണമായിരുന്നു. എന്നാല്‍ ക്രുണാലിന്റെ മനോഹരമായൊരു തിരിച്ചുവരവിനാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി നാല് വിക്കറ്റ്, ഓസീസ് മണ്ണില്‍ ഒരു ഇന്ത്യന്‍ സ്പിന്നറുടെ മികച്ച പ്രകടനം. ഒപ്പം ക്രുണാലിന്റെ ട്വന്റി-20 കരിയറിലെ ഏറ്റവും മികച്ച പ്രകടനവും. 

ആറാം ട്വന്റി-20 മാത്രം കളിക്കുന്ന ക്രുണാല്‍ രണ്ടു റെക്കോഡുകള്‍ കൂടി സ്വന്തം പേരിലെഴുതി. ട്വന്റി-20യില്‍ ഓസീസ് മണ്ണില്‍ ഒരു സ്പിന്നറുടെ മികച്ച പ്രകടനവും ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനവും.

ക്രുണാലിനെ മാറ്റി യുസ്‌വേന്ദ്ര ചാഹലിനെ കോലി അവസാന ഇലവനിലെടുക്കുമെന്നായിരുന്നു എല്ലാവരുടേയും കണക്കുകൂട്ടല്‍. എന്നാല്‍ കോലി ക്രുണാലില്‍ വിശ്വാസമര്‍പ്പിച്ചു. ആ വിശ്വാസം ക്രുണാല്‍ തെറ്റിച്ചതുമില്ല. നാല് വിക്കറ്റ് നേട്ടത്തിനൊപ്പം ക്രുണാലിന് ഇരട്ടി മധുരം നല്‍കുന്ന മറ്റൊന്ന് കൂടി സിഡ്‌നിയില്‍ സംഭവിച്ചു. ബ്രിസ്‌ബെയ്‌നില്‍ തന്നെ അടിച്ചൊതുക്കിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് സിഡ്‌നിയില്‍ ക്രുണാല്‍ തന്നെ പൂട്ടിട്ടു. 

ആദ്യ ട്വന്റി-20യില്‍ പാണ്ഡ്യയുടെ ഒരോവറില്‍ തുടര്‍ച്ചയായി മൂന്നു സിക്‌സുകളാണ് മാക്‌സ്‌വെല്‍ അടിച്ചെടുത്തത്. പാണ്ഡ്യയുടെ ഓവറില്‍ ആകെ അഞ്ചു സിക്‌സടിച്ച ഓസീസ് താരം 24 പന്തില്‍ 46 റണ്‍സുമായി ടോപ്പ് സ്‌കോററുമായി. എന്നാല്‍ മൂന്നാം ട്വന്റി-20യില്‍ കളി മാറി. 16 പന്തില്‍ 13 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ പാണ്ഡ്യ രോഹിത് ശര്‍മ്മയുടെ കൈയിലെത്തിച്ചു. സിക്‌സ് നേടാനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്. 

Content Highights: Krunal Pandya Sets T20Is Record For A Spinner In Australia