പുണെ: അരങ്ങേറ്റ മത്സരത്തില്‍ തന്നെ ലോകറെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിനിടെയാണ് താരം പുതിയ റെക്കോഡ് സ്വന്തമാക്കിയത്. 

അരങ്ങേറ്റ മത്സരത്തില്‍ അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡാണ് ക്രുനാല്‍ സ്വന്തമാക്കിയത്. വെറും 26 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി കുറിച്ചത്. ഈ നേട്ടത്തോടെ ക്രുനാല്‍ മറികടന്നത് 31 വര്‍ഷം പഴക്കമുള്ള റെക്കോഡാണ്.

1990-ല്‍ ന്യൂസീലന്‍ഡിന്റെ ജോണ്‍ മോറിസാണ് ഇത്രയും കാലം ഈ നേട്ടം സ്വന്തമാക്കിവെച്ചിരുന്നത്. ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റ മത്സരത്തില്‍ 35 പന്തുകളില്‍ നിന്നുമാണ് മോറിസ് അര്‍ധസെഞ്ചുറി കുറിച്ചത്. ഈ റെക്കോഡ് ഇതോടെ പഴങ്കഥയായി. 

ഇന്നത്തെ മത്സരത്തില്‍ 31 പന്തുകളില്‍ നിന്നും നാല് ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ 58 റണ്‍സാണ് ക്രുനാല്‍ പുറത്താവാതെ സ്വന്തമാക്കിയത്. 

Content Highlights: Krunal Pandya's 26-ball 50 fastest by a debutant in ODIs