ന്യൂഡല്‍ഹി: ക്രിക്കറ്റിലെ സഹോദരങ്ങളാണ് ക്രുണാല്‍ പാണ്ഡ്യയും ഹാര്‍ദിക് പാണ്ഡ്യയും. ഇരുവരും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളും. 2015ലെ ലേലത്തില്‍ 10 ലക്ഷം രൂപയ്ക്കാണ് ഹാര്‍ദിക് മുംബൈയിലെത്തിയത്. അടുത്ത വര്‍ഷം രണ്ടു കോടി മുടക്കി ക്രുണാലിനേയും മുംബൈ സ്വന്തമാക്കി. 

കുട്ടികളായിരുന്നപ്പോള്‍ തന്നെ ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയതാണ്. ഇപ്പോഴും രണ്ടും പേരും അതു തുടരുന്നു. ചെറുപ്പത്തില്‍ ക്രിക്കറ്റ് പരിശീലനത്തിനിടയിലും മറ്റുമായി നിരവധി രസകരമായതും വേദന നിറഞ്ഞതുമായ അനുഭവങ്ങള്‍ ഇരുവരുടേയും ജീവിതത്തിലുണ്ടായിട്ടുണ്ട്. പരിശീലനത്തിനിടയില്‍ ഭക്ഷണം കഴിക്കാന്‍ പണമില്ലാത്തതിനാല്‍ ന്യൂഡില്‍സ് മാത്രം കഴിച്ച് വിശപ്പടക്കിയ സംഭവം നേരത്തെ ഒരു അഭിമുഖത്തില്‍ ഹാര്‍ദിക് പറഞ്ഞിരുന്നു. 

ഇത്തരത്തില്‍ 2003ലുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ക്രുണാല്‍ പാണ്ഡ്യ. ഹാര്‍ദിക് കെനിയയില്‍ നിന്നുള്ള കുട്ടിയാണെന്ന തെറ്റിദ്ധരിച്ച് കെനിയന്‍ താരങ്ങള്‍ ഓട്ടോഗ്രാഫ് നല്‍കിയതാണ് ആ അനുഭവം. '2003ല്‍ കെനിയന്‍ ടീം ലോകകപ്പ് തയ്യാറെടുപ്പിനായി ബറോഡയില്‍ വന്നിരുന്നു. അവര്‍ പരിശീലനം കഴിഞ്ഞ് ടീം ബസ്സിനായി കാത്തുനില്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഓട്ടോഗ്രാഫിനായി ചെന്നു. പക്ഷേ ആരും ഓട്ടോഗ്രാഫ് നല്‍കിയില്ല. അതിനിടയിലാണ് അവര്‍ ഹാര്‍ദികിനെ കണ്ടത്. ഉടനെത്തന്നെ അവരെല്ലാം ഹാര്‍ദികിന് ഓട്ടോഗ്രാഫ് കൊടുത്തു. അവന്‍ കെനിയക്കാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അത്. ഈ കുട്ടിക്ക് ആദ്യം ഓട്ടോഗ്രാഫ് നല്‍കൂ എന്നായിരുന്നു ഒരു താരം മറ്റുള്ളവരോട് പറഞ്ഞത്.' ക്രുണാല്‍ പറയുന്നു

Content Highlights: Krunal Pandya opens up about hilarious childhood incident involving Hardik Pandya