മുംബൈ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി-20യില്‍ നാല് വിക്കറ്റ് പ്രകടനവുമായി ക്രുണാല്‍ പാണ്ഡ്യ റെക്കോഡിട്ടിരുന്നു. ഓസീസ് മണ്ണില്‍ ഒരു ഇന്ത്യന്‍ സ്പിന്നറുടെ മികച്ച പ്രകടനമായിരുന്നു അത്. ഇതിനെല്ലാം ക്രുണാല്‍ കടപ്പെട്ടിരിക്കുന്നത് അനിയനും ഇന്ത്യന്‍ ടീമംഗവുമായ ഹാര്‍ദിക് പാണ്ഡ്യയോടാണ്. 

ബ്രിസ്‌ബെയ്‌നില്‍ നടന്ന ആദ്യ ട്വന്റി-20യില്‍ ഓസട്രേലിയന്‍ താരങ്ങള്‍ തന്നെ അടിച്ചൊതുക്കുമ്പോള്‍ ഹാര്‍ദിക് വീട്ടിലിരുന്ന് തന്നെ കളിയാക്കി ചിരിക്കുകയായിരുന്നെന്ന് ക്രുണാല്‍ പറയുന്നു. തിരിച്ച് അവനാണ് ഇങ്ങനെ റണ്‍സ് വഴങ്ങുന്നതെങ്കില്‍ ഞാനും അതുതന്നെ ചെയ്‌തേനേ. ഈ കളിയാക്കലുകളാണ് എനിക്കും ഹാര്‍ദികിനും ഊര്‍ജ്ജം നല്‍കുന്നതും. മൂന്നാം ട്വന്റി-20ക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്രുണാല്‍ പറയുന്നു.

ക്രിക്കറ്റിനെക്കുറിച്ച് ഞങ്ങള്‍ കാര്യമായി സംസാരിക്കാറില്ല. ഇത്തവണ ഞങ്ങള്‍ സംസാരിച്ചിരുന്നു. നാല് ഓവറില്‍ അമ്പതിലധികം റണ്‍സ് വഴങ്ങിയതിന് എന്നെ അവന്‍ കളിയാക്കി. അവന്റെ പ്രകടനം മോശമാകുമ്പോള്‍ ഇതിലും ക്രൂരമായി ഞാന്‍ കളിയാക്കാറുണ്ട്. ക്രുണാല്‍ വ്യക്തമാക്കി.

ബ്രിസ്‌ബെയ്‌നിലെ ദയനീയ പ്രകടനത്തിന് ശേഷം അടുത്ത 24 മണിക്കൂര്‍ എങ്ങനെയാണ് തള്ളിനീക്കിയതെന്ന് അറിയില്ലെന്നും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടത് തന്റെ ആവശ്യമായിരുന്നുവെന്നും ക്രുണാല്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാന്‍ അവസരം കിട്ടിയിട്ട് ഇങ്ങനെ കളിക്കന്നത് എത്ര വേദനാജനകമാണ്. എനിക്ക് വളരെ നിരാശ തോന്നിയിരുന്നു. മികച്ച പ്രകടനത്തിലൂടെ ആ നിരാശ മായ്ച്ചുകളയാനായതില്‍ സന്തോഷമുണ്ട്. ട്വന്റി-20 മത്സരങ്ങള്‍ ഇങ്ങനെയാണ്. ഒരു ദിവസം പ്രഹരം കിട്ടും, അടുത്ത ദിവസം വിക്കറ്റുകളും. ക്രുണാല്‍ കൂട്ടിച്ചേര്‍ത്തു. 

ക്രുണാല്‍ ഇന്ത്യന്‍ ടീമിലെ പുതുമുഖ താരമാണെങ്കിലും ഹാര്‍ദിക് ടീമിലെ സ്ഥിര സാന്നിധ്യമാണ്. നിലവില്‍ പരിക്കുമൂലം വിശ്രമിക്കുന്ന ഹാര്‍ദിക് ട്വന്റി-20 ടീമില്‍ ഇടം നേടിയിരുന്നില്ല. കായികക്ഷമത വീണ്ടെടുത്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഹാര്‍ദിക്‌.

Content Highlights: Krunal Pandya on Hardik Pandya and his performance