പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിനുമുന്‍പ് വികാരാധീനനായി ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ. ഏകദിനത്തില്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച താരം തൊപ്പി സ്വീകരിക്കുന്നതിനിടെയാണ് വിതുമ്പിയത്.

ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി കളിക്കാനിറങ്ങിയ താരം അനിയനും ഇന്ത്യന്‍ താരവുമായ ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്നാണ് തൊപ്പി ഏറ്റുവാങ്ങിയത്. തൊപ്പി സ്വീകരിച്ചതിനുശേഷം കണ്ണുനിറഞ്ഞ ക്രുനാല്‍ അത് ആകാശത്തേക്ക് ഉയര്‍ത്തി ഈയിടെ മരിച്ച തന്റെ അച്ഛന് വേണ്ടി സമര്‍പ്പിച്ചു. 

പാണ്ഡ്യ സഹോദരന്മാര്‍ ഗ്രൗണ്ടില്‍ വെച്ച് കെട്ടിപ്പിടിച്ച് സന്തോഷവും സങ്കടവും പങ്കുവെച്ചു. ഈ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വൈറലായി. ക്രുനാലിനൊപ്പം പ്രസിദ്ധ് കൃഷ്ണയും ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് ആദ്യമായാണ് കളിക്കാനിറങ്ങിയത്. ക്രുനാല്‍ മുന്‍പ് ട്വന്റി 20 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

Content Highlights:Krunal Pandya gets emotional on receiving debut cap, points it towards sky for late father