വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തീര്‍ത്തും നിറംമങ്ങിപ്പോയിരുന്നു. അഞ്ച് പേര്‍ ബൗള്‍ ചെയ്തപ്പോള്‍ അതില്‍ മൂന്ന് പേരും ശരാശരി 11 റണ്‍സിലധികമാണ് വഴങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഖലീല്‍ അഹമ്മദ് 48 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ 47 റണ്‍സുമാണ്‌ സംഭാവന ചെയ്തത്. കുറച്ച് തല്ല് വാങ്ങിയത് 37 റണ്‍സ് വഴങ്ങിയ ക്രുണാല്‍ പാണ്ഡ്യയും 35 റണ്‍സ് വിട്ടുകൊടുത്ത യുസ്‌വേന്ദ്ര ചാഹലും മാത്രമാണ്. 

കുറഞ്ഞ റണ്‍സ് വഴങ്ങിയതിനൊപ്പം ഒരു വിക്കറ്റും വീഴ്ത്തിയ ക്രുണാല്‍ പക്ഷേ മത്സരത്തിനിടയില്‍ കല്ലുകടിയായി. അമ്പയറോട് ദേഷ്യപ്പെട്ട ക്രുണാലിന്റെ കളിക്കളത്തിലെ സമീപനത്തിനെതിരേ നിരവധി ആരാധകരാണ് രംഗത്തെത്തിയത്. മത്സരശേഷം ഈ സംഭവം ചര്‍ച്ചാവിഷയമാകുകയും ചെയ്തു.

ക്രുണാല്‍ എറിഞ്ഞ ഒമ്പതാം ഓവറിലാണ് നാടകീയ സംഭവങ്ങള്‍. ആദ്യ പന്ത് നേരിട്ടത് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ്.  ക്രുണാലിന്റെ പന്ത് സ്ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ച് സിംഗിളെടുക്കാനായിരുന്നു വില്യംസണിന്റെ പ്ലാന്‍. എന്നാല്‍ നോണ്‍ സ്ട്രൈക്കഴേസ് എന്‍ഡിലുള്ള ടിം സെയ്‌ഫേര്‍ട്ടിന്റെ നേര്‍ക്ക് വന്ന പന്ത് പിടിക്കാന്‍ ക്രുണാല്‍ ശ്രമം നടത്തി. പക്ഷേ സെയ്‌ഫേര്‍ട്ടുമായി  കൂട്ടിമുട്ടിയതോടെ ക്രുണാലിന് പന്ത് കൈയിലൊതുക്കാനായില്ല. 

ഇതോടെ ക്രുണാല്‍ അപ്പീല്‍ ചെയ്യുകയായിരുന്നു. ഫീല്‍ഡിങ് തടസ്സപ്പെടുത്തിയതിന് വിക്കറ്റ് അനുവദിക്കണമെന്നായിരുന്നു ക്രുണാലിന്റെ വാദം. ദേഷ്യത്തോടെയാണ് താരം അമ്പയറെ സമീപിച്ചത്. എന്നാല്‍ അമ്പയര്‍ ഈ അപ്പീല്‍ ഗൗനിച്ചില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഇടപെട്ടെങ്കിലും അമ്പയര്‍ തീരുമാനം മാറ്റിയില്ല. ഇരുകൈയുമര്‍ത്തി അമ്പയറോട് കയര്‍ക്കുന്ന രീതിയില്‍ സംസാരിച്ചത് ക്രുണാലിന് ഒഴിവാക്കാമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. 

 

Content Highlights: Krunal Pandya Accused Seifert of Obstructing Field India vs New Zealand