കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ 257 റണ്‍സിന്റെ ജയം നേടിയതോടെ റെക്കോഡ് ബുക്കില്‍ ഇടംനേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച നായകനെന്ന റെക്കോഡാണ് ധോനിയെ മറികടന്ന് കോലി സ്വന്തമാക്കിയത്. 

ടീമിനെ നയിച്ച 60 മത്സരങ്ങളില്‍ നിന്ന് 27 വിജയങ്ങളാണ് ധോനിയുടെ പേരിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരായ ജയത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ അക്കൗണ്ടില്‍ 28 വിജയങ്ങളായി. ടീമിനെ നയിച്ച 48-ാം ടെസ്റ്റിലാണ് കോലി ഇന്ത്യന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്.

49 മത്സരങ്ങളില്‍ നിന്ന് 21 വിജയങ്ങള്‍ സ്വന്തമാക്കിയ സൗരവ് ഗാംഗുലിയാണ് മൂന്നാം സ്ഥാനത്ത്. മുഹമ്മദ് അസറുദ്ദീന്റെ അക്കൗണ്ടില്‍ 14 വിജയങ്ങളുണ്ട്.

അതേസമയം ആദ്യ ടെസ്റ്റിലെ ജയത്തോടെ വിദേശത്ത് ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച നായകനെന്ന റെക്കോഡ് കോലി നേരത്തെ സ്വന്തമാക്കിയിരുന്നു. 11 എവേ വിജയങ്ങളുണ്ടായിരുന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡാണ് കോലി മറികടന്നത്. ഗാംഗുലി 28 എവേ ടെസ്റ്റില്‍ നിന്ന് 11 വിജയങ്ങള്‍ നേടിയപ്പോള്‍ 27 എവേ ടെസ്റ്റില്‍ നിന്ന് കോലിയുടെ പേരില്‍ 13 വിജയങ്ങളായി. ധോനിയുടെ പേരില്‍ ആറ് എവേ ജയങ്ങള്‍ മാത്രമാണുള്ളത്.

പരമ്പര തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ 120 പോയന്റ് സ്വന്തമാക്കി. 

Content Highlights: Kohli surpasses MS Dhoni's record to become India's most successful Test skipper