പുണെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി റണ്‍സ് വഴങ്ങിയിട്ടും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് അവസരം നല്‍കാത്തത്തില്‍ പ്രതിഷേധിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഹാര്‍ദികിന് പന്ത് നല്‍കാത്ത വിരാട് കോലിയ്‌ക്കെതിരേ വീരേന്ദര്‍ സെവാഗ് അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. 

എന്നാല്‍ പാണ്ഡ്യയ്ക്ക് അവസരം കൊടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി കോലി രംഗത്തെത്തി. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും കണക്കിലെടുത്താണ് ഹാര്‍ദിക്കിന് പന്ത് നല്‍കാതിരുന്നതെന്ന് കോലി പറഞ്ഞു. ജോലി ഭാരം കൂടിയാല്‍ ഹാര്‍ദിക്കിനെ വീണ്ടും പരിക്ക് അലട്ടുമെന്നും അത് ടീമിനെ ബാധിക്കുമെന്നും കോലി കൂട്ടിച്ചേര്‍ത്തു.

 2019-ല്‍ നടുവിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഹാര്‍ദിക് ഈയിടെയാണ് പന്തെറിഞ്ഞുതുടങ്ങിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹാര്‍ദിക് പന്തുകൊണ്ട് കാഴ്ചവെച്ചത്. 6.5 ആയിരുന്നു താരത്തിന്റെ ബൗളിങ് ശരാശരി. 

Content Highlights: Kohli says all-rounder Hardik Pandya has not bowled in the ongoing ODI series as part of his workload management.