ഗുവാഹാട്ടി: വിന്‍ഡീസിനെ നിലംതൊടാതെ പറത്തിയ നായകന്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും മികവിലാണ് ഇന്ത്യ ആദ്യ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ വിജയം ആഘോഷിച്ചത്. ധവാന്‍ പുറത്തായ ശേഷം ഒന്നിച്ച ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. തകര്‍ത്തടിച്ച് മുന്നേറിയ ഇരുവരും ഏതാനും റെക്കോഡുകളും പോക്കറ്റിലാക്കി.

  • 246 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. ഇത് അഞ്ചാം തവണയാണ് ഇരുവരും ഏകദിനത്തില്‍ 200 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ 200 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത സംഖ്യവും ഇതുതന്നെ. കോലി-ഗംഭീര്‍ സഖ്യമാണ് തൊട്ടുപിന്നിലുള്ളത്. മൂന്നു തവണ ഇരുവരും 200 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്. 
  • റണ്‍സ് പിന്തുടരുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടും കോലിയും രോഹിത്തും കുറിച്ച 246 റണ്‍സാണ്.
  • ഒരേ മത്സരത്തിലെ കൂട്ടുകെട്ടില്‍ ഇരുവരും സെഞ്ചുറി നേടുന്നത് ഇത് നാലാം തവണയാണ്. 
  • ഇത് ആറാം തവണയാണ് രോഹിത് ശര്‍മ 150 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. അഞ്ചു തവണ 150 റണ്‍സിലേറേ സ്‌കോര്‍ ചെയ്ത സാക്ഷാല്‍ സച്ചിനെ പിന്തള്ളി ഈ പട്ടികയില്‍ രോഹിത് മുന്നിലെത്തി. 
  • നായകനെന്ന നിലയില്‍ തുടര്‍ച്ചയായ രണ്ടാം കലണ്ടര്‍ വര്‍ഷത്തിലും കോലി രാജ്യാന്തര ക്രിക്കറ്റില്‍ 2000 റണ്‍സ് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ നായകനാണ് കോലി. നായകനാകുന്നതിനു മുന്‍പും കോലി. 2000 റണ്‍സ് പിന്നിട്ടിരുന്നു. ഇതോടെ തുടര്‍ച്ചയായി മൂന്നു വര്‍ഷം 2000 പിന്നിട്ട് സച്ചിന്‍ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ക്കൊപ്പമെത്താനും കോലിക്കായി. 
  • രാജ്യാന്തര ക്രിക്കറ്റില്‍ കോലിയുടെ 60-ാം സെഞ്ചുറിയാണ്. ഏറ്റവും വേഗത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന താരവും കോലിയാണ്. 386 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 60-ാം സെഞ്ചുറി പിന്നിട്ടത്. 426 ഇന്നിങ്‌സുകളില്‍നിന്ന് 60-ാം സെഞ്ചുറി പിന്നിട്ട സച്ചിനെയാണ് കോലി പിന്നിലാക്കിയത്.  
  • ഏകദിനത്തില്‍ 36-ാം സെഞ്ചുറി പിന്നിട്ട കോലി അതില്‍ 22-ഉം നേടിയത് റണ്‍സ് പിന്തുടരുമ്പോഴാണ്. നാട്ടില്‍ കോലിയുടെ 15-ാം സെഞ്ചുറിയും വിന്‍ഡീസിനെതിരായ അഞ്ചാം സെഞ്ചുറിയുമാണിത്. ക്യാപ്റ്റനെന്ന നിലയില്‍ 14-ാമത്തേതും.