മുംബൈ: ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ടീമുമായി അടുത്ത വൃത്തങ്ങള്‍.
തോല്‍വിക്കു പിന്നാലെ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തുവെന്നും ഇവര്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടലിലാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം ശുദ്ധ അസംബന്ധമാണെന്ന് ടീമുമായി അടുത്ത പേരു വ്യക്തമാക്കാന്‍ താത്പര്യമില്ലാത്ത ഒരു വ്യക്തി വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടീമിലെ അസ്വാരസ്യങ്ങളെ കുറിച്ചും കോലിയും രോഹിത്തും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചുമെല്ലാം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഈ വ്യക്തി തള്ളി. ലോകകപ്പ് കഴിഞ്ഞതോടെ ആര്‍ക്കോ പുതിയ തലക്കെട്ടുകള്‍ ആവശ്യമായി വന്നതിന്റെ ഫലമാണ് ഇത്തരം കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്നും ഇത് തീര്‍ത്തും നിരാശാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടീമിന്റെ തീരുമാനം എന്ന നിലയില്‍ പരിശീലകന് രവി ശാസ്ത്രി അവതരിപ്പിച്ച പല കാര്യങ്ങളും ശാസ്ത്രിയുടേയും ക്യാപ്റ്റനായ കോലിയുടേയും മാത്രം തീരുമാനങ്ങളായിരുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരുടേയും പല തീരുമാനങ്ങള്‍ക്കും വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയടക്കമുള്ള താരങ്ങള്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: Kohli-Rohit rift talks absolute nonsense