ഓവല്‍: അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് ഡിസിഷന്‍ റിവ്യൂ സിസ്റ്റം എന്ന ഡി.ആര്‍.എസ്. പലപ്പോഴും കളിക്കിടെ നിര്‍ണായക സാന്നിധ്യമാകാന്‍ ഡി.ആര്‍.എസിനാകാറുണ്ട്. പക്ഷേ ഇന്ത്യക്കാര്‍ക്ക് ഡി.ആര്‍.എസ് എന്നത് ധോനി റിവ്യൂ സിസ്റ്റമാണ്. കാരണം ഡി.ആര്‍.എസ് ഉപയോഗിക്കുന്നതിലുള്ള ധോനിയുടെ കഴിവ് അത്രത്തോളമാണ്. 

എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഡി.ആര്‍.എസിന്റെ കാര്യത്തില്‍ അത്ര പോര. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഓവല്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും 2 ഓവറിന്റെ ഇടവേളയ്ക്കിടെ ഇന്ത്യ രണ്ട് റിവ്യൂകള്‍ നഷ്ടപ്പെടുത്തി. ഇതിനു പിന്നാലെയായിരുന്നു വോണിന്റെ കമന്റ്. 

'ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണ്. ലോകത്ത് റിവ്യൂ ഉപയോഗിക്കുന്ന കാര്യത്തില്‍ ഏറ്റവും മോശവും കോലി തന്നെ'  വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഓവല്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങി 10 ഓവര്‍ പിന്നിടുമ്പോഴാണ് കോലി ആദ്യത്തെ റിവ്യൂ നഷ്ടമാക്കിയത്. ജഡേജയുടെ പന്തില്‍ ഇംഗ്ലിഷ് ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്‌സിനെതിരെ ഇന്ത്യ അപ്പീല്‍ ചെയ്തു. അമ്പയര്‍ അനുവദിച്ചില്ല. കോലി റിവ്യൂവിന് പോയി. പന്തിന്റെ ഇംപാക്റ്റ് ഓഫ് സ്റ്റംപിനു പുറത്താണെന്ന് വ്യക്തമായതോടെ ഒരു റിവ്യൂ പോയിക്കിട്ടി.

പിന്നാലെ 12-ാം ഓവറിലായിരുന്നു അടുത്ത സംഭവം. ജഡേജയുടെ പന്തില്‍ കുക്കിനെതിരായ എല്‍.ബി.ഡബ്ല്യു അപ്പീല്‍ അമ്പയര്‍ അനുവദിച്ചില്ല. ഇക്കുറിയും കോലി റിവ്യൂവിന് പോയി. ഇത്തവണയും പന്തിന്റെ ഇംപാക്റ്റ് ഓഫ് സ്റ്റംപിനു പുറത്ത്, ഇക്കുറിയും റിവ്യു നഷ്ടം. ഇതിനു പിന്നാലെയാണ് ഡി.ആര്‍.എസ് ഉപയോഗിക്കുന്നതില്‍ കോലി അത്ര പോരെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നത്.

Content Highlights: kohli is the worst reviewer of drs says michael vaughan