ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ കെ.എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും പങ്കെടുത്ത കരണ്‍ ജോഹര്‍ അവതരിപ്പിച്ച കോഫി വിത്ത് കരണ്‍ എന്ന പരിപാടി ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് പരിപാടിയില്‍ തുറന്നുപറഞ്ഞ ഇരുവരും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കുരുക്കിലാവുകയും ചെയ്തു.

മുന്‍താരങ്ങളടക്കം പലരും ഇരുവര്‍ക്കുമെതിരേ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തുകയും പിന്നാലെ ഇരുവരെയും ബി.സി.സി.ഐ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പര്യടനങ്ങളും ഇരുവര്‍ക്കും നഷ്ടമായി. ലോകകപ്പ് ടീമില്‍ ഇരുവര്‍ക്കും ഇടം ലഭിച്ചതു തന്നെ ബി.സി.സി.ഐ ഇക്കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്തിട്ടായിരുന്നു.

ഇപ്പോഴിതാ വിവാദത്തിനുശേഷം ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കെ.എല്‍ രാഹുല്‍. പരിപാടി വിവാദമായതോടെ കുറച്ചുകാലം താനും പാണ്ഡ്യയും സംസാരിച്ചിരുന്നില്ല. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതു വരെ അങ്ങനെയായിരുന്നു. വിവാദം ഇരുവരെയും മാനസികമായി തളര്‍ത്തി. പാണ്ഡ്യ അയാളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു. രാഹുലും അത്തരത്തില്‍ തന്നെ തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമായിരുന്നു.

വിഷയത്തില്‍ അന്വേഷണം നടക്കുന്ന കാലത്ത് ഇരുവരും പുറംലോകവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ ഹാര്‍ദിക് ഇപ്പോഴു തന്റെ വളരെ അടുത്ത സുഹൃത്താണെന്നും രാഹുല്‍ പറഞ്ഞു.

ആ സംഭവത്തോടെ പലതും പഠിക്കാന്‍ സാധിച്ചു. ഇപ്പോഴും പാണ്ഡ്യയും താനും ക്രിക്കറ്റ് കളിച്ചും യാത്ര ചെയ്തും കൂടുതല്‍ സമയവും ഒന്നിച്ചു തന്നെയാണെന്നും രാഹുല്‍ വ്യക്തമാക്കി. അന്നത്തെ സംഭവം ഏറെ അസ്വസ്ഥനാക്കിയിരുന്നു. പലപ്പോഴും സ്വയം ദേഷ്യം തോന്നി. അതോടെ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചു. അന്ന് കൂടുതല്‍ സമയവും ജിമ്മിലും കളിക്കളത്തിലുമായി ചെലവഴിക്കുകയായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Koffee with Karan controversy KL Rahul reveals equation with Hardik Pandya