ഇന്ത്യ കണ്ടതില്‍ വച്ച് മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായിട്ടും ഇന്ത്യന്‍ കുപ്പായമണിയാന്‍ ഭാഗ്യമില്ലാതെ പോയ മുന്‍ കേരള രഞ്ജി നായകന്‍ കെ.എന്‍. അനന്തപത്മനാഭന്‍ അമ്പയറിങ്ങില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നു. വെള്ളിയാഴ്ച നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടിട്വന്റി മത്സരത്തില്‍ ഫീല്‍ഡ് അമ്പയറായിക്കൊണ്ടാണ് അനന്തന്റെ അരങ്ങേറ്റം.

ഐ.സി.സി. എലൈറ്റ് പാനലില്‍ ഇടം നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ അമ്പയറാണ് അനന്തന്‍. ഒരു അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കുന്ന നാലാമത്തെ മലയാളിയും. ജോസ് കുരിശിങ്കല്‍, ഡോ. കെ.എന്‍.രാഘവന്‍, എസ്.ദണ്ഡപാണി എന്നിവരാണ് മറ്റുള്ളവര്‍.

നിരവധി ഐ.പി.എല്‍, ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുളള അനന്തനാണ് കഴിഞ്ഞ വര്‍ഷത്തെ രഞ്ജി ഫൈനല്‍ നിയന്ത്രിച്ചത്. 2007ലാണ് ബി.സി.സി.യുടെ അമ്പയറിങ് പാനലില്‍ ഇടം നേടുന്നത്. ഇതുവരെയായി 58 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 61 ടിട്വന്റി മത്സരങ്ങളും നിയന്ത്രിച്ചു.

കേരളത്തിനുവേണ്ടി നൂറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ഏക കളിക്കാരനായ അനന്തന്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കുവേണ്ടിയും ഇന്ത്യ എയ്ക്കുവേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്.  2005-06 സീസണില്‍ ദേശീയ ജൂനിയര്‍ ടീം സെലക്ടറായും പ്രവര്‍ത്തിച്ചു. 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന 2891 റണ്‍സും 344 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട് മികച്ച ഓള്‍റൗണ്ടര്‍ കൂടിയായ അനന്തന്‍. അഞ്ച് തവണ ഒരു മത്സരത്തില്‍ പത്ത് വിക്കറ്റും 25 തവണ ഒരു ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും നേടി. രഞ്ജിയില്‍ ഒരു ഇരട്ട സെഞ്ചുറിയും സ്വന്തമാണ്. 2002ലാണ് വിരമിച്ചത്.

Content Highlights: KN Ananthapadmanabhan to officiate his first International match India England T20