കൊളംബോ:  ശ്രീലങ്കക്കെതിരായ പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പനി ബാധിച്ച ഓപ്പണര്‍ കെ.എല്‍ രാഹുല്‍ ബുധനാഴ്ച്ച തുടങ്ങുന്ന ആദ്യ ടെസ്റ്റിനുണ്ടാകില്ല. രാഹുലിന് വിശ്രമം ആവശ്യമാണെന്നും അതുകൊണ്ടാണ് ആദ്യ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കുന്നതെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

പരമ്പരക്ക് മുന്നോടിയായി കൊളംബോയില്‍ നടന്ന മത്സരത്തില്‍ രാഹുല്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. പരിക്കിനെ തുടര്‍ന്ന് നാല് മാസത്തോളം രാഹുല്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. അതിനു ശേഷം ഈ പരമ്പരയിലാണ് ഇന്ത്യന്‍ ഓപ്പണര്‍ തിരിച്ചുവന്നത്. പനി ബാധിച്ചത് രാഹുലിന് വീണ്ടും തിരിച്ചടിയായി. കൊളംബോയില്‍ നിന്ന് ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യാന്‍ രാഹുലിന് കഴിയില്ല. തിങ്കളാഴ്ച്ച നടന്ന പരിശീലനത്തില്‍ നിന്നും രാഹുല്‍ വിട്ടുനിന്നു.

അതേസമയം ആദ്യ ടെസ്റ്റില്‍ രാഹുലിന്റെ അഭാവത്തില്‍ ശിഖര്‍ ധവാനും അഭിനവ് മുകുന്ദുമായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. മറ്റൊരു ഓപ്പണറായ മുരളി വിജയ് അവസാന നിമിഷം ടീമില്‍ നിന്ന് വിട്ടു നിന്നിരുന്നു. കൈക്കേറ്റ പരിക്ക് ഭേദമാകാത്തിനാലാണ് മുരളി ലങ്കന്‍ പര്യടനത്തിനില്ലെന്ന് അറിയിച്ചത്.

മൊറാട്ടുവയില്‍ നടന്ന ശ്രീലങ്ക ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ മത്സരത്തില്‍ രാഹുല്‍ 54 റണ്‍സാണ് നേടിയത്. അന്ന് തന്റെ ഫിറ്റ്‌നെസില്‍ രാഹുല്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.