മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ.എല്‍ രാഹുല്‍ നയിക്കും. ഏകദിന ടീം ക്യാപ്റ്റനായ രോഹത് ശര്‍മയ്ക്ക് പരിക്ക് മൂലം പരമ്പരയില്‍ കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സെലക്ഷന്‍ കമ്മിറ്റി രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിച്ചിരിക്കുന്നത്. ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റന്‍.

ജനുവരി 19-നും 23-നും ഇടയില്‍ ഇടയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. ഏറെ നാളുകള്‍ക്ക് ശേഷം ശിഖര്‍ ധവാന്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഋതുരാജ് ഗെയ്ക്‌വാദ്, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്കും ടീമിലേക്ക് വിളിയെത്തി.

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ കായികക്ഷമത വീണ്ടെടുത്തിട്ടില്ലാത്ത അക്സര്‍ പട്ടേലിനെയും രവീന്ദ്ര ജഡേജയേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. 

നേരത്തെ ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ വിരാട് കോലിയെ ഏകദിന ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് സെലക്ഷന്‍ കമ്മിറ്റി മാറ്റിയിരുന്നു.

ഋതുരാജിന്റെയും വെങ്കടേഷ് അയ്യരുടെയും ആദ്യ വിദേശ പര്യടനമാണിത്. ഈയിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ ഇരുവരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു.

ഇന്ത്യന്‍ ടീം: കെ.എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യ കുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ്. സിറാജ്.

Content Highlights: KL Rahul to lead Indian odi team against South Africa Rohit Sharma misses out injured