സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിക്ക് വലയ്ക്കുന്നു. ഷമിയ്ക്കും ഉമേഷ് യാദവിനും പിന്നാലെ ബാറ്റ്‌സ്മാന്‍ കെ.എല്‍.രാഹുലും പരിക്കേറ്റ് ടീമില്‍ നി്‌നും പുറത്തായി. ഓസ്‌ട്രേലിയയില്‍ അവസാന രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ക്കായി പരിശീലനത്തിലേര്‍പ്പെടുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.

ബി.സി.സി.ഐ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ താരത്തിന്റെ ഇടത് കൈക്കുഴയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷം താരത്തിന് മൂന്നാഴ്ചത്തെ വിശ്രമം അനുവദിച്ചു. അതോടെ ഓസിസിനെതിരായ അവസാന രണ്ട് ടെസ്റ്റുകളില്‍ രാഹുല്‍ കളിക്കില്ല. 

ആദ്യ രണ്ട് ടെസ്റ്റുകളിലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. പരിക്കേറ്റ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മടങ്ങി. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പുറത്താവുന്ന അഞ്ചാം താരമാണ് രാഹുല്‍. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ വിരാട് കോലി എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. 

ജനുവരി ഏഴിന് സിഡ്‌നിയില്‍വെച്ചാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കുക.

Content Highlights: KL Rahul ruled out of ongoing Test series against Australia due to injury