കാണ്‍പുര്‍: ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ആദ്യ ടെസ്റ്റിന് വ്യാഴാഴ്ച്ച കാണ്‍പുരില്‍ തുടക്കംകുറിക്കാനിരിക്കെ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ പരിക്കേറ്റ് ടീമിന് പുറത്തായി. വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. ഇവരോടൊപ്പം രാഹുല്‍ കൂടി ചേരുമ്പോള്‍ ഇന്ത്യക്ക് അത് കനത്ത തിരിച്ചടിയാകും.

രണ്ടു ടെസ്റ്റിലും രാഹുല്‍ കളിക്കില്ല. ഇടതു തുടയിലെ പേശിക്കേറ്റ പരിക്കാണ് താരത്തിന് വിനയായതെന്ന് ബിസിസിഐ ട്വീറ്റില്‍ പറയുന്നു. കായികക്ഷമത വീണ്ടെടുക്കുന്നതിന് രാഹുല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തേടും.

ഇന്ത്യയുടെ ട്വന്റി-20 ടീമില്‍ അംഗമായിരുന്ന സൂര്യകുമാര്‍ യാദവിനെ രാഹുലിന്റെ പകരക്കാരനായി ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യകുമാര്‍ ഇതുവരെ ടെസ്റ്റില്‍ കളിച്ചിട്ടില്ല. 

 

 Content Highlights: KL Rahul Ruled Out of Kanpur Test Due to Injury