തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം മത്സരത്തിലും ഇംഗ്ലണ്ട് ലയണ്‍സിനെ തകര്‍ത്ത് ഇന്ത്യ എ. ലയണ്‍സ് ഉയര്‍ത്തിയ 222 വിജയലക്ഷ്യം ആറു വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ എ മറികടന്നു.

അജിങ്ക്യ രഹാനെയ്ക്കു പകരം അങ്കിത് ബാവ്‌നെയാണ് ടീമിനെ നയിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ലയണ്‍സ് ഒലി പോപ്പ് (65), സ്റ്റീവന്‍ മുല്ലനി (58*) എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തത്. 

അഞ്ചാം വിക്കറ്റില്‍ സാം ബില്ലിങ്‌സും ഒലി പോപ്പും ചേര്‍ന്നെടുത്ത 58 റണ്‍സ് കൂട്ടുകെട്ടും ആറാം വിക്കറ്റില്‍ ഒലി പോപ്പും സ്റ്റീവന്‍ മുല്ലനിയും ചേര്‍ത്ത 63 റണ്‍സുമാണ് ലയണ്‍സിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി ശാര്‍ദുല്‍ താക്കൂര്‍ 49 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. രാഹുല്‍ ചാഹര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കായി ഋഷഭ് പന്ത് 76 പന്തുകളില്‍ നിന്ന് മൂന്നു സിക്‌സറുകളും ആറു ഫോറുകളും സഹിതം 73 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ദീപക് ഹൂഡ 47 റണ്‍സോടെ കൂടെയുണ്ടായിരുന്നു. 46.3 ഓവറിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. 

ലോകേഷ് രാഹുല്‍ (42), റുതുരാജ് ഗെയ്ക്വാദ് (0), റിക്കി ഭുയി (35), അങ്കിത് ബാവ്‌നെ (12)  എന്നിവരാണ് പുറത്തായ താരങ്ങള്‍.

Content Highlights: kl rahul rishabh pant india a beat england lions