ന്യൂഡല്‍ഹി: 2021 ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പേരും ലോഗോയും മാറ്റിയേക്കും. കെ.എല്‍.രാഹുല്‍ നയിക്കുന്ന ടീമിന്റെ പുതിയ പേരും ലോഗോയും ഈ മാസം 17 ന് പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.

പ്രീതി സിന്റ, മോഹിത് ബര്‍മന്‍, നെസ്സ് വാദിയ, കരണ്‍ പോള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇതുവരെ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടിട്ടില്ല. ഈ സീസണില്‍ പഞ്ചാബിന്റെ പക്കല്‍ 53.2 കോടി രൂപയാണ് ബാക്കിയുള്ളത്. പുതുതായി ഏതൊക്കെ താരങ്ങളെ ടീമിലെടുക്കും എന്ന കാര്യത്തില്‍ പഞ്ചാബിന് ആശങ്കയുണ്ട്.

കഴിഞ്ഞ സീസണില്‍ തുടര്‍പരാജയങ്ങള്‍ നേരിട്ട ടീം പിന്നീട് തുടര്‍ച്ചയായി അഞ്ചുമത്സരങ്ങള്‍ വിജയിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെയും വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളര്‍ ഷെല്‍ഡണ്‍ കോട്രെലിനെയും ഈയിടെ പഞ്ചാബ് റിലീസ് ചെയ്തിരുന്നു. കെ.ഗൗതം, മുജീബുര്‍ റഹ്മാന്‍, ജിമ്മി നീഷാം, കരുണ്‍ നായര്‍ തുടങ്ങിയ താരങ്ങളെയും പഞ്ചാബ് റിലീസ് ചെയ്തിരുന്നു. 

Content Highlights: KL Rahul-led Kings XI Punjab likely to change team name and logo ahead of IPL 2021