ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുലിന് പിഴയിട്ട് ഐ.സി.സി. അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് താരത്തിന് പിഴ ശിക്ഷ ലഭിച്ചത്. മാച്ച് ഫീയുടെ 15 ശതമാനമാണ് രാഹുല്‍ പിഴയായി നല്‍കേണ്ടി വരിക.

ഞായറാഴ്ച ടെസ്റ്റിന്റെ മൂന്നാം ദിനം രാഹുല്‍ 46 റണ്‍സെടുത്ത് പുറത്തായിരുന്നു. ആദ്യ സെഷനില്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ രാഹുലിന്റെ ബാറ്റില്‍ തട്ടി പന്ത് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയുടെ കൈയിലെത്തി. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് അനുവദിക്കാതിരുന്നതോടെ ഇംഗ്ലണ്ട് റിവ്യൂ എടുക്കുകയായിരുന്നു.

ഇതില്‍ പന്ത് ബാറ്റില്‍ തട്ടിയതായി വ്യക്തമായതോടെ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തേര്‍ഡ് അമ്പയര്‍ തിരുത്തി, രാഹുല്‍ പുറത്തായി. ഈ തീരുമാനത്തില്‍ പക്ഷേ രാഹുല്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.

ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8ന്റെ ലംഘനമാണ് രാഹുല്‍ നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്. ഇതോടെ താരത്തിന് ഒരു ഡീമെറിറ്റ് പോയന്റും വിധിച്ചു.

Content Highlights: KL Rahul Fined For Showing Dissent At Umpire