ലണ്ടന്‍: കെ.എല്‍ രാഹുല്‍ ഇനി ദ്രാവിഡിന്റെ റെക്കോഡിനൊപ്പം. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത ഇന്ത്യന്‍ താരമെന്ന റെക്കോഡിലാണ് ദ്രാവിഡിനൊപ്പം രാഹുലെത്തിയത്. കെന്നിങ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റ്യൂവര്‍ട്ട് ബ്രോഡിനെ പുറത്താക്കിയ ക്യാച്ച്, പരമ്പരയില്‍ രാഹുലിന്റെ പതിമൂന്നാത്ത ക്യാച്ചായിരുന്നു.
ഇതോടെ മുന്‍നായകന്‍ ദ്രാവിഡിന്റെ പേരിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള റെക്കോഡിനൊപ്പമാണ് രാഹുല്‍ എത്തിയത്. 2004-05ല്‍ ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലായിരുന്നു ദ്രാവിഡ് റെക്കോഡ് സ്ഥാപിച്ചത്. നാല് ടെസ്റ്റ് ഉള്‍പ്പെടുന്നതായിരുന്നു ഈ പരമ്പര.
ഓസ്‌ട്രേലിയന്‍ താരം ജാക്ക് ഗ്രിഗറിയുടെ പേരിലാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ (1920-21) ഏറ്റവുമധികം ക്യാച്ചെടുത്തതിന്റെ റെക്കോഡ് (15). രണ്ടാം സ്ഥാനം മുന്‍ഇന്ത്യന്‍ ചീഫ് കോച്ച് ഓസ്‌ട്രേലിയക്കാരനായ ഗ്രെഗ് ചാപ്പലിനാണ് ,14 ക്യാച്ച്. വെസ്റ്റിന്‍ഡീസിന്റെ ബ്രയന്‍ ലാറ, ഓസ്‌ട്രേലിയയുടെ ബോബ് സിംപ്‌സണ്‍ എന്നിവരും ഒരു ടെസ്റ്റ് പരമ്പരയില്‍ 13 ക്യാച്ച് സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ, ഇരുവരും രണ്ടുവട്ടം ഈ നേട്ടം ആവര്‍ത്തിച്ചു.
Content Highlights: KL Rahul equals Rahul Dravid's 13-year-old record