
Photo: AFP
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം കെ.എല്‍ രാഹുലിനെ തേടിയെത്തിയത് ഒരു അപൂര്‍വ നേട്ടമാണ്.
ഞായറാഴ്ച സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട് പാര്‍ക്കിലായിരുന്നു രാഹുല്‍ ടെസ്റ്റ് കരിയറിലെ ഏഴാമത്തെ സെഞ്ചുറിയും ഈ വര്‍ഷത്തെ രണ്ടാമത്തെ സെഞ്ചുറിയും സ്വന്തമാക്കിയത്. 122 റണ്‍സുമായി രാഹുല്‍ ക്രീസിലുണ്ട്.
വസീം ജാഫറിന് ശേഷം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറെന്ന നേട്ടമാണ് രാഹുലിന് സ്വന്തമായത്. 2007-ല്‍ 116 റണ്‍സെടുത്ത ജാഫറിന് ശേഷം 14 വര്‍ഷം കഴിഞ്ഞാണ് ഒരു ഇന്ത്യന്‍ ഓപ്പണര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ സെഞ്ചുറി നേടാന്‍ സാധിക്കുന്നത്.
ഓസ്ട്രേലിയ (1), ഇംഗ്ലണ്ട് (2), ദക്ഷിണാഫ്രിക്ക (1), ശ്രീലങ്ക (1), വെസ്റ്റിന്‍ഡീസ് (1) എന്നിവിടങ്ങളില്‍ രാഹുലിന് ഇപ്പോള്‍ ടെസ്റ്റ് സെഞ്ചുറികളുണ്ട്.
2007 ജനുവരിയില്‍ കേപ്ടൗണിലെ ന്യൂലാന്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 116 റണ്‍സ് നേടിയ ജാഫര്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറായിരുന്നു. മുരളി വിജയ് (97), ഗൗതം ഗംഭീര്‍ (93), രാഹുല്‍ (90 നോട്ടൗട്ട്) എന്നിവര്‍ ജാഫറിനു ശേഷം ഈ നേട്ടത്തിന് അടുത്തെത്തിയിരുന്നു. 2018-ലെ തന്റെ അവസാന പര്യടനത്തില്‍ 10 റണ്‍സകലെ രാഹുലിന് ഈ നേട്ടം നഷ്ടമായതാണ്.
Content Highlights: kl rahul ends 14 year wait to become 2nd indian opener to score a test hundred in south africa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..