Photo: AP
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബുധനാഴ്ച ഹോങ് കോങ്ങിനെതിരേ 13-ാം ഓവറില്‍ കെ.എല്‍. രാഹുല്‍ പുറത്തായില്ലെങ്കില്‍ കളി കൈവിട്ടുപോയേനെ! ഒരു ഇന്ത്യന്‍ ബാറ്റര്‍ പുറത്താകാന്‍ ഇന്ത്യന്‍ ആരാധകര്‍ ഇതുപോലെ ആഗ്രഹിച്ച അധികം സാഹചര്യമുണ്ടാകില്ല. കുറച്ചുനേരത്തേ ഔട്ടായിരുന്നെങ്കില്‍ നന്നായേനെ എന്നും ചിന്തിച്ചിട്ടുണ്ടാകും. അതിനുകാരണം ഇതാണ്, ഹോങ് കോങ് പോലൊരു ദുര്‍ബലടീമിനെതിരേ ഓപ്പണറായി എത്തിയ രാഹുല്‍ ആദ്യ ഒമ്പതുപന്തില്‍ നേടിയത് രണ്ടു റണ്‍.
രാഹുല്‍ പുറത്തായപ്പോള്‍ എത്തിയ സൂര്യകുമാര്‍ യാദവ് ഒമ്പതു പന്തില്‍ 25 റണ്‍! ആകെ 39 പന്തില്‍ 36 റണ്‍സെടുത്ത രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് 92.30. സൂര്യകുമാര്‍ 26 പന്തില്‍ 68 റണ്‍സെടുത്തപ്പോള്‍ സ്‌ട്രൈക്ക് റേറ്റ് 261.5. സൂര്യകുമാറിന്റെ ഈ വെടിക്കെട്ടില്ലായിരുന്നെങ്കില്‍ ജയിക്കാന്‍ ഇന്ത്യ കഷ്ടപ്പെട്ടേനെ.
ക്രീസില്‍ രാഹുലിന്റെയും സൂര്യകുമാറിന്റെയും സമീപനം വ്യത്യസ്തമാണ്. രാഹുല്‍ വ്യക്തിഗത സ്‌കോറില്‍ മാത്രം ശ്രദ്ധിക്കുന്നെന്ന ആരോപണങ്ങള്‍ക്കിടെ സൂര്യകുമാര്‍ ആദ്യ പന്തുതൊട്ട് ആക്രമിച്ചുകളിക്കുന്നു.
രാഹുല്‍ ക്രീസിലുണ്ടായിരുന്ന 13 ഓവറില്‍ ഇന്ത്യ 94 റണ്‍സില്‍ എത്തിയതേയുള്ളൂ. 7.23 റണ്‍ റേറ്റ്. ഓപ്പണറുടെ ഇഴച്ചില്‍ വിരാട് കോലിയെയും ബാധിച്ചു. ആദ്യ 15 പന്തില്‍ കോലി നേടിയത് 13 റണ്‍. മറ്റൊരു ഓപ്പണര്‍ രോഹിത് ശര്‍മ 13 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സെടുത്തപ്പോഴാണ് രാഹുല്‍ സ്വയംമറന്ന് 'ഡിഫന്‍ഡ്'ചെയ്തത്. സൂര്യകുമാര്‍, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ എന്നീ ബിഗ് ഹിറ്റര്‍മാര്‍ കാത്തുനില്‍ക്കുമ്പോഴാണിത്. സൂര്യകുമാര്‍ ക്രീസിലെത്തിയശേഷം ഏഴ് ഓവറില്‍ ഇന്ത്യ 98 റണ്‍സടിച്ചു. ഇതില്‍ 68 റണ്‍സും സൂര്യകുമാറിന്റേത്. അതില്‍ ആറു ഫോറും ആറു സിക്‌സും.
രാഹുല്‍ മടങ്ങുമ്പോള്‍ 24 പന്തില്‍ 25 റണ്‍സിലായിരുന്ന കോലി ഇന്നിങ്സ് തീരുമ്പോള്‍ 44 പന്തില്‍ 59 റണ്‍സിലെത്തി. ഒരു ഘട്ടത്തില്‍, കോലിയെ മറികടന്ന് സൂര്യകുമാര്‍ ആദ്യം അര്‍ധസെഞ്ചുറി തികയ്ക്കുമെന്നുതോന്നി.
സൂര്യകുമാറിന്റെ കുതിപ്പില്‍ ഇന്ത്യ 20 ഓവറില്‍ 192 റണ്‍സിലെത്തി. മറുപടിയായി ഹോങ് കോങ് 152 റണ്‍സിലെത്തിയതോടെ, രാഹുലിന്റെ നയം തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യ തോറ്റേനെ എന്ന അഭിപ്രായമുയര്‍ന്നു.
പരിക്കിലായതിനാല്‍ ഏറെക്കാലം മത്സരങ്ങളില്‍നിന്ന് വിട്ടുനിന്ന രാഹുല്‍ ഈവര്‍ഷം ആദ്യമായി ട്വന്റി 20 കളിക്കുന്നത് ഏഷ്യാ കപ്പിലൂടെയാണ്. ആദ്യമത്സരത്തില്‍ പാകിസ്താനോട് പൂജ്യത്തിന് പുറത്തായതോടെ താരം പൂര്‍ണമായും പ്രതിരോധത്തിലായി. അടുത്തമാസം തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ സ്ഥാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ കളിക്കുന്നത്. എന്നാല്‍, ഹോങ് കോങ്ങിനെതിരായ ഇന്നിങ്‌സ് ഫലത്തില്‍ തിരിച്ചടിയായി.
നേരത്തേ ഐ.പി.എലിലും രാഹുലിന്റെ 'സ്വന്തം കാര്യം സിന്ദാബാദ്' സമീപനം വിമര്‍ശിക്കപ്പെട്ടിരുന്നു. രാഹുല്‍ നായകനും ഐ.പി.എലിലെ പ്രധാന സ്‌കോററും ആയ സീസണിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.
2016 മുതല്‍ അന്താരാഷ്ട്ര ട്വന്റി 20 കളിക്കുന്ന രാഹുല്‍ 58 കളിയില്‍ നേടിയത് 1867 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 140.90. കഴിഞ്ഞവര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചുതുടങ്ങിയ സൂര്യകുമാര്‍ 25 ടി20 മത്സരത്തില്‍ 177.51 സ്ട്രൈക്ക് റേറ്റില്‍ 758 റണ്‍ നേടി.
Content Highlights: KL Rahul conundrum and the surya kumar yadav brilliance
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..