ന്യൂഡല്‍ഹി: ഓടി ക്രീസിലെത്തിയാലും ബാറ്റ്‌സ്മാന്‍ റണ്ണൗട്ടാകുമോ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അതു വെറും തെറ്റിദ്ധാരണ മാത്രമാണ്. ചിലപ്പോള്‍ ക്രീസിലെത്തിയതിന് ശേഷവും ബാറ്റ്‌സ്മാന്‍ റണ്ണൗട്ടാകാനുള്ള സാധ്യതയുണ്ട്.

ന്യൂസീലൻഡും ബംഗ്ലാദേശും തമ്മില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ഇങ്ങനെയൊരു റണ്ണൗട്ട് സംഭവിച്ചു. ന്യൂസീലൻഡ് ബാറ്റ്‌സ്മാന്‍ നെയ്ല്‍ വാഗ്നറായിരുന്നു ആ റണ്ണൗട്ടിന്റെ ഇര. രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ സ്‌ട്രെക്കേഴ്‌സ് എന്‍ഡിലേക്ക് ഓടിയെത്തിയ വാഗ്നര്‍ പന്ത് ബെയ്ല്‍ തെറിപ്പിക്കും മുമ്പ് ക്രീസും കടന്ന് അല്‍പം മുന്നോട്ടു പോയിരുന്നു.

ബാറ്റ് ക്രീസില്‍ വലിച്ചിഴക്കുന്നതിന് പകരം ക്രീസില്‍ ബാറ്റ് കുത്തി വായുവിലേക്ക് ഉയരുകയായിരുന്നു വാഗ്നര്‍.  പക്ഷേ ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ നൂറുല്‍ ഹസ്സന്‍ ബെയ്ല്‍ തെറിപ്പിക്കുന്ന സമയത്ത് വാഗ്നറുടെ ശരീരവും ബാറ്റും വായുവിലായിരുന്നുവെന്ന് മാത്രം. 

തുടര്‍ന്ന് ഫീല്‍ഡ് അമ്പയര്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടുകയായിരുന്നു. മൂന്നാം അമ്പയര്‍ വാഗ്നറിന ഔട്ട് വിധിക്കുകയും ചെയ്തു. 2010ലെ ഐ.സി.സി നിയമത്തില്‍ (ലോ 29) വന്ന മാറ്റമാണ് വാഗ്നര്‍ക്ക് തിരിച്ചടിയായത്.