പെര്‍ത്ത്: മൂന്നാം ആഷസ് ടെസ്റ്റിലും ഓസ്‌ട്രേലിയയോട് തോറ്റ ഇംഗ്ലണ്ട് ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. പ്രത്യേകിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. സോഷ്യല്‍ മീഡിയയിലും ഇംഗ്ലണ്ട് ടീമിനെ പരിഹസിച്ചുള്ള പോസ്റ്റുകളുണ്ടായിരുന്നു. 

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സ്ണും കിട്ടിയ അവസരം പാഴാക്കാതെ പരിഹാസത്തില്‍ പങ്കുചേര്‍ന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് വെള്ളം ചീറ്റിക്കുന്ന തോക്കും പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തായിരുന്നു പീറ്റേഴ്‌സണ്‍ന്റെ പരിഹാസം. ക്യാപ്റ്റന്‍ ഫന്റാസ്റ്റിക് എന്ന അടിക്കുറിപ്പോടെയായിരുന്നു ഇത്. ആഷസ് ടെസ്റ്റില്‍ കമേന്ററ്ററായിരുന്നു പീറ്റേഴ്‌സണ്‍ അതിനിടയിലാണ് ഇങ്ങിനെയൊരു പരിഹാസ ചിത്രം ട്വീറ്റ് ചെയ്തത്.

പീറ്റേഴ്‌സണ്‍ന്റെ ഈ പരിഹാസത്തെ ആരാധകര്‍ ദേഷ്യത്തോടെയാണ് സ്വീകരിച്ചത്. ഇംഗ്ലീഷ് ക്യാപ്റ്റന് അല്‍പമെങ്കിലും ബഹുമാനം പീറ്റേഴ്‌സണ് നല്‍കാമായിരുന്നു എന്നാണ് ഒരു ആരാധകന്റെ ട്വീറ്റ്. ഇംഗ്ലണ്ടിനെ വിജയിപ്പിക്കാന്‍ പീറ്റേഴ്‌സണും കഴിഞ്ഞിട്ടില്ലെന്നും സ്വന്തം മുഖം കണ്ണാടിയില്‍ നോക്കുന്നത് നല്ലതാണെന്നും മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്യുന്നു.