സതാംപ്റ്റൺ: ഏതെങ്കിലും ടൂർണമെന്റിന്റെ ഫൈനൽ പോലെയുള്ള അത്യധികം പ്രാധാന്യമുള്ള മത്സരങ്ങൾക്ക് യു.കെയെ വേദിയായി തിരഞ്ഞെടുക്കരുതെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. യു.കെയിലെ പ്രവചനാതീതമായ കാലാവസ്ഥ ചൂണ്ടിക്കാട്ടിയാണ് പീറ്റേഴ്സൺന്റെ പ്രതികരണം. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മഴയിൽ ഒലിച്ചുപോകുമെന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് പീറ്റേഴ്സൺന്റെ ട്വീറ്റ്.

'ഇങ്ങനെ പറയേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ട്. എന്നാൽ ഒരു കളി മാത്രമുള്ള അത്യധികം പ്രാധാന്യമുള്ള മത്സരങ്ങൾക്ക് യു.കെ വേദിയായി തിരഞ്ഞെടുക്കരുത്. ദുബായ് പോലുള്ള സ്ഥലമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഞാൻ തിരഞ്ഞെടുക്കുക. ദുബായിൽ എപ്പോൾ വേണമെങ്കിലും വേദിയൊരുക്കാം. ന്യൂട്രൽ വേദിയാവും. അതിശയിപ്പിക്കുന്ന സ്റ്റേഡിയം. പരിശീലനത്തിനും മികച്ച സൗകര്യം. ട്രാവൽ ഹബ്ബ്. കാലാവസ്ഥയിലും ഉറപ്പ്. പിന്നെ ഐസിസിയുടെ സ്ഥാനം സ്റ്റേഡിയത്തിന് തൊട്ടടുത്തു തന്നെ'. പീറ്റേഴ്സൺ ട്വീറ്റിൽ പറയുന്നു.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ നാലാം ദിനവും ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഫൈനലിന്റെ ആദ്യ ദിനവും കളി നടന്നിരുന്നില്ല. കളി നടന്ന രണ്ടും മൂന്നും ദിവസങ്ങളിൽ 80 ഓവർ പൂർത്തിയാക്കാനും കഴിഞ്ഞിട്ടില്ല. റിസർവ് ഡേ ആയി ഒരു ദിവസമുണ്ടെങ്കിലും ഈ സാഹചര്യത്തിൽ മത്സരഫലം ഉണ്ടാകാൻ സാധ്യതയില്ല. ടെസ്റ്റ് സമനിലയിൽ പിരിയാനാണ് സാധ്യത. അങ്ങനെ വന്നാൽ ഇരുടീമുകളും കിരീടം പങ്കിടും.

Content Highlights: Kevin Pietersen says incredibly important cricket game like World Test Championship Final shouldnt be played in the UK