തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിദര്‍ഭയെ 26 റണ്‍സിന് തോല്‍പ്പിച്ച് കേരളം. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. കേരളം ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഈ സീസണില്‍ ആദ്യമായി ഫോമിലേക്കെത്തിയ ക്യാപ്റ്റന്‍ റോബിന് ഉത്തപ്പയുടെ ബാറ്റിങ് മികവില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. 39 പന്തില്‍ അഞ്ചു സിക്സും രണ്ടു ബൗണ്ടറിയുമടക്കം ഉത്തപ്പ 69 റണ്‍സെടുത്തു. സച്ചിന് ബേബി 39 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
സഞ്ജു ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. അഞ്ചു പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. വിഷ്ണു വിനോദ് (13), ജലജ് സക്സേന (13), മുഹമ്മദ് അസറുദ്ദീന് (1), അക്ഷയ് ചന്ദ്രന് (10), ബേസില്‍ തമ്പി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 27 പന്തില്‍ ഒരു ബൗണ്ടറി സഹിതം 29 റണ്‍സെടുത്ത അക്ഷയ് വാഡ്കറാണ് വിദര്‍ഭയുടെ ടോപ് സ്കോറര്‍.
ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നാലു മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തെത്തി. അഞ്ചു മത്സരങ്ങളില്‍ നിന്ന് 16 പോയന്റുള്ള വിദര്‍ഭയാണ് ഗ്രൂപ്പില്‍ ഒന്നാമത്.
Content Highlights: Kerala vs Vidarbha Syed Mushtaq Ali Trophy 2019-20