രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഗ്രൂപ്പ് ഡി യില്‍ നടന്ന മത്സരത്തില്‍ മധ്യപ്രദേശ് കേരളത്തെ 40 റണ്‍സിന് തോല്‍പ്പിച്ചു. മധ്യപ്രദേശ് ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 49.4 ഓവറില്‍ 289 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറി നേടുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത വെങ്കടേഷ് അയ്യരുടെ തിളക്കമാര്‍ന്ന പ്രകടനമാണ് മധ്യപ്രദേശിന് വിജയം സമ്മാനിച്ചത്. 

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ നായകന്‍ സഞ്ജു സാംസണിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് മധ്യപ്രദേശ് ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ സിദ്ധാര്‍ഥ് പാട്ടിദാറിനെ (0) മനു കൃഷ്ണന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും പിന്നീട് ക്രീസിലൊന്നിച്ച അഭിഷേക് ഭണ്ഡാരിയും രജത് പാട്ടിദാറും ചേര്‍ന്ന് മധ്യപ്രദേശിനെ രക്ഷിച്ചു. ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 

ടീം സ്‌കോര്‍ 101-ല്‍ നില്‍ക്കേ അഭിഷേകിനെ വിഷ്ണു വിനോദ് ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടുപിന്നാലെ രജതിനെയും മടക്കി വിഷ്ണു മധ്യപ്രദേശിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഇരു താരങ്ങളും 49 റണ്‍സ് വീതം നേടിയാണ് ക്രീസ് വിട്ടത്. എന്നാല്‍ അവിടെനിന്നങ്ങോട്ട് കളിയുടെ ഗതി മാറി. വെങ്കടേഷ് അയ്യരും ശുഭം ശര്‍മയും ക്രീസിലെത്തിയതോടെ മധ്യപ്രദേശ് കുതിച്ചു. വെങ്കടേഷ് 84 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 112 റണ്‍സെടുത്തപ്പോള്‍ ശുഭം 67 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ഒരു സിക്‌സിന്റെയും ബലത്തില്‍ 82 റണ്‍സെടുത്തു. ഇരുവരുടെയും ബാറ്റിങ് കരുത്തില്‍ മധ്യപ്രദേശ് 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെടുത്തു.

കേരളത്തിനുവേണ്ടി വിഷ്ണു വിനോദ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി. മനുകൃഷ്ണന്‍, നിധീഷ്, രോഹന്‍ കുന്നുമ്മല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 

330 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും മുഹമ്മദ് അസ്ഹറുദ്ദീനും മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇരുവരും 68 റണ്‍സ് ചേര്‍ത്തു. 10-ാം ഓവറില്‍ 34 റണ്‍സെടുത്ത അസ്ഹറുദ്ദീന്‍ കാര്‍ത്തികേയ സിങ്ങിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ നായകന്‍ സഞ്ജു വെറും 18 റണ്‍സ് മാത്രമെടുത്ത് മടങ്ങി. പിന്നീട് ക്രീസിലൊന്നിച്ച രോഹനും സച്ചിന്‍ ബേബിയും കേരളത്തെ മുന്നോട്ട് നയിച്ചു. രോഹന്‍ 76 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 66 റണ്‍സെടുത്തപ്പോള്‍ സച്ചിന്‍ 66 പന്തുകളില്‍ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയില്‍ 66 റണ്‍സെടുത്തു.

എന്നാല്‍ സച്ചിനും രോഹനും പുറത്തായതോടെ കേരളം അപകടം മണത്തു. 34 റണ്‍സെടുത്ത ജലജ് സക്‌സേനയ്ക്ക് മാത്രമാണ് പിന്നീട് പിടിച്ചുനില്‍ക്കാനായത്. വൈകാതെ കേരളം 49.4 ഓവറില്‍ 289 റണ്‍സിന് ഓള്‍ ഔട്ടായി. മധ്യപ്രദേശിനുവേണ്ടി പുനീത് നാല് വിക്കറ്റെടുത്തപ്പോള്‍ വെങ്കടേഷ് അയ്യര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കേരളം ചണ്ഡീഗഢിനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. 

Content Highlights: kerala vs madhya pradesh, vijay hazare trophy cricket, group stage match, kerala cricket team