കേരള ടീം (ഫയൽ ചിത്രം) | Photo: www.facebook.com/KeralaCricketAssociation
രാജ്കോട്ട്: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം തിരിച്ചടിക്കുന്നു. ആദ്യ ഇന്നിങ്സില്‍ മധ്യപ്രദേശ് ഉയര്‍ത്തിയ 585 റണ്‍സ് മറികടന്ന് നിര്‍ണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് നേടാനായി ബാറ്റിങ് ആരംഭിച്ച കേരളം മൂന്നാം ദിനം മത്സരമവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തിട്ടുണ്ട്.
മധ്യപ്രദേശിന്റെ സ്കോറിനേക്കാള്‍ 387 റണ്‍സ് പിറകിലാണ് കേരളം. ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ 387 റണ്‍സ് മറികടക്കാനായാല്‍ കേരളത്തിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. എട്ടുവിക്കറ്റുകള്‍ കയ്യിലിരിക്കേ നാലാം ദിനം ഒന്നാം ഇന്നിങ്സ് ലീഡ് നേടാനാകും കേരളത്തിന്റെ ശ്രമം. 82 റണ്‍സെടുത്ത് ഓപ്പണര്‍ രാഹുലും ഏഴുറണ്‍സുമായി നായകന് സച്ചിന് ബേബിയുമാണ് ക്രീസില്‍.
ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിനുവേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രാഹുലും രോഹന് എസ് കുന്നുമ്മലും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 129 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ മിഹിര്‍ ഹിര്‍വാനി ഈ കൂട്ടുകെട്ട് പൊളിച്ചു. 110 പന്തുകളില്‍ നിന്ന് 75 റണ്‍സെടുത്ത രോഹനെ മിഹിര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
പിന്നാലെ വന്ന വത്സല്‍ ഗോവിന്ദിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 15 റണ്‍സെടുത്ത താരത്തെ അനുഭവ് അഗര്‍വാള്‍ ഹിമാന്‍ഷു മന്ത്രിയുടെ കൈയ്യിലെത്തിച്ചു. വത്സലിന് പകരം സച്ചിന് ബേബി ക്രീസിലെത്തി. പിന്നീട് വിക്കറ്റ് വീഴാതെ സച്ചിനും രാഹുലും കേരളത്തെ സംരക്ഷിച്ചു. 178 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളുടെ സഹായത്തോടെയാണ് രാഹുല്‍ 82 റണ്‍സെടുത്തത്.
മധ്യപ്രദേശ് ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 204.3 ഓവര്‍ ബാറ്റ് ചെയ്ത മധ്യപ്രദേശ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 585 റണ്‍സെടുത്തു. 289 റണ്‍സെടുത്ത ഓപ്പണര്‍ യാഷ് ദുബെയുടെ തകര്‍പ്പന്‍ പ്രകടനമാണ് മധ്യപ്രദേശിന് തുണയായത്. 35 ബൗണ്ടറിയും രണ്ട് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 142 റണ്‍സെടുത്ത രജത് പട്ടിദാറും 50 റണ്‍സ് നേടിയ അക്ഷത് രഘുവംശിയും മികച്ച പ്രകടനം പുറത്തെടുത്തു.
കേരളത്തിനായി സ്പിന്നര്‍ ജലജ് സക്സേന 51.3 ഓവറില്‍ 116 റണ്‍സ് വഴങ്ങി ആറുവിക്കറ്റെടുത്തു. ബേസിലും സിജോമോന്‍ ജോസഫും ഓരോ വിക്കറ്റ് വീതം നേടി. മത്സരം നാളെ സമാപിക്കും.
Content Highlights: kerala vs madhya pradesh ranji trophy cricket match day three updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..