ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ഒടുവില്‍ കേരളത്തിന് വിജയം. ആസിഫിന്റെ ബൗളിങ് കരുത്തില്‍ കേരളം ഹൈദരാബാദിനെ 62 റണ്‍സിന് തോല്‍പ്പിച്ചു. 228 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 44.4 ഓവറില്‍ 165 റണ്‍സിന് എല്ലാവരും പുറത്തായി.
10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ആസിഫാണ് ഹൈദരാബാദിനെ തകര്‍ത്തത്. ഹൈദരാബാദിന്റെ ആദ്യ നാല് വിക്കറ്റുകള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 12 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ആസിഫ് വീഴ്ത്തി. രണ്ടു വീതം വിക്കറ്റുമായി സന്ദീപ് വാര്യരും ബേസില്‍ തമ്പിയും അക്ഷയ് ചന്ദ്രനും ആസിഫിന് പിന്തുണ നല്കി.
69 റണ്‍സെടുത്ത തന്മയ് അഗര്‍വാളിനൊഴികെ മറ്റാര്‍ക്കും ഹൈദരാബാദ് ബാറ്റിങ്നിരയിൽ തിളങ്ങാനായില്ല. അക്കൗണ്ട് തുറക്കും മുമ്പു തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഹൈദരാബാദിന് പിന്നീട് തിരിച്ചുവരാനായില്ല. തന്മയ് ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും ഒരു കൂട്ടുകെട്ടുയര്‍ത്താന്‍ ആരുമില്ലായിരുന്നു. ആറു ബാറ്റ്സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. രണ്ട് പന്ത് നേരിട്ട ക്യാപ്റ്റന്‍ അമ്പാട്ടി റായുഡുവിനെ അക്കൗണ്ട് തുറക്കും മുമ്പ് ആസിഫ് തിരിച്ചയച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. 36 റണ്‍സെടുത്ത സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ്പ് സ്കോറര്‍. ചെറിയ കൂട്ടുകെട്ടുകളുമായി മുന്നേറിയാണ് കേരളം 227 റണ്‍സ് നേടിയത്. മൂന്നാം വിക്കറ്റില്‍ റോബിന് ഉത്തപ്പയും സഞ്ജു സാംസണും അഞ്ചാം വിക്കറ്റില്‍ സച്ചിന് ബേബിയും രാഹുലും ചേര്‍ന്ന് പടുത്തുയർത്തിയ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകള്‍ കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഉത്തപ്പ 33 റണ്‍സെടുത്തു. രാഹുല്‍ 35 റണ്‍സും സച്ചിന് ബേബി 32 റണ്‍സും നേടി.
Content Highlights: Kerala vs Hyderabad Vijay Hazare Trophy Cricket KM Asif
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..