കൃഷ്ണഗിരി (വയനാട്): കനത്ത തണുപ്പും മഞ്ഞുവീഴ്ച്ചയുമുള്ള വയനാട്ടിലെ പിച്ചില്‍ കേരളത്തിന് തിളങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് ക്യാപ്റ്റന്‍ സച്ചിന് ബേബി. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, എം.ഡി നിധീഷ് തുടങ്ങിയ പേസ് നിര ശക്തമാണെന്നും ഗുജറാത്തിന്റെ പരിചയസമ്പന്നരായ സീനിയര്‍ താരങ്ങളെ മറികടക്കാന്‍ കേരളത്തിന് കരുത്തുണ്ടെന്നും സച്ചിന് ബേബി വ്യക്തമാക്കി.
ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു സച്ചിന് ബേബി. ഈ സീസണില്‍ ഗുജറാത്ത് ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. ഇത് കേരളത്തിന് വെല്ലുവിളിയാണ്. ഒപ്പം അക്സര്‍ പട്ടേല്‍, പാര്‍ഥിവ് പട്ടേല്‍, പിയൂഷ് ചൗള തുടങ്ങിവരുടെ സാന്നിധ്യവും കേരളത്തിന് ഭീഷണിയാണ്. സച്ചിന് ബേബി പറയുന്നു.
കേരളത്തിന് ഇത്തവണ അനുകൂല ഘടകങ്ങള്‍ ഏറെയാണ്. നിര്‍ണായകമായ അവസാന മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയത് കേരളത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നു. മിക്കതാരങ്ങള്‍ക്കും കൃഷ്ണഗിരി സ്റ്റേഡിയം പരിചിതമാണെന്നതും അനുകൂലമാണ്. അതേസമയം ജലജ് സക്സേനയുടെ പരിക്ക് കേരളത്തെ അലട്ടുന്നുണ്ട്. ഹിമാചലിനെതിരായ മത്സരത്തില്‍ ജലജ് കളിച്ചിരുന്നില്ല. ചൊവ്വാഴ്ച്ച ഗുജറാത്തിനെതിരെ ജലജ് കളിക്കാനാണ് സാധ്യതയെന്നും സച്ചിന് ബേബി വ്യക്തമാക്കി.
ഗുജറാത്തിനെതിരേ വിജയിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായി കേരളം രഞ്ജി ട്രോഫി സെമിഫൈനലിലെത്തും. കഴിഞ്ഞ സീസണിലും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്ന കേരളം വിദര്‍ഭയോട് തോറ്റ് പുറത്താവുകയായിരുന്നു. അന്ന് വിദര്‍ഭയുടെ ഗ്രൗണ്ടിലായിരുന്നു കളി. ഇത്തവണ സ്വന്തം നാട്ടിലാണ് കേരളം ചരിത്രനേട്ടത്തിനൊരുങ്ങുന്നത്.
Content Highlights: Kerala vs Gujarat Ranji Trophy Cricket Quarter Final Sachin Baby
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..