രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വിജയത്തുടക്കം. ഗ്രൂപ്പ് ഡി യിലെ ആദ്യ മത്സരത്തില്‍ കേരളം ചണ്ഡീഗഢിനെ കീഴടക്കി. ആറുവിക്കറ്റിനാണ് കേരളത്തിന്റെ വിജയം. 

ചണ്ഡിഗഢ് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്‌ ബാറ്റേന്തിയ കേരളം 34 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. അര്‍ധസെഞ്ചുറി നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിനായി തിളങ്ങിയത്. 

ആദ്യം ബാറ്റ് ചെയ്ത ചണ്ഡിഗഢ് 56 റണ്‍സെടുത്ത നായകന്‍ മനന്‍ വോറയുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മനന്‍ വോറയ്ക്ക് പുറമേ 25 റണ്‍സെടുത്ത അര്‍പിത് പന്നുവും 26 റണ്‍സ് നേടി പുറത്താവാതെ നിന്ന വാലറ്റക്കാരന്‍ സന്ദീപ് ശര്‍മയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കേരളത്തിന്റെ ബൗളര്‍മാര്‍ എതിരാളികളെ വരിഞ്ഞുമുറുക്കി.

കേരളത്തിനുവേണ്ടി സിജോമോന്‍ ജോസഫ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി. മനുകൃഷ്ണന്‍, വിഷ്ണു വിനോദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 

185 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനിനെ (9) നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയ നായകന്‍ സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 24 റണ്‍സെടുത്ത് സഞ്ജു മടങ്ങിയെങ്കിലും പിന്നാലെ വന്ന സച്ചിന്‍ ബേബി കേരളത്തെ വിജയത്തിലേക്ക് നയിച്ചു. 

സച്ചിന്‍ ബേബി 78 പന്തുകളില്‍ നിന്ന് 59 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. രോഹന്‍ 46 റണ്‍സെടുത്ത് പുറത്തായി. 32 റണ്‍സെടുത്ത വിഷ്ണു വിനോദും മികച്ച പ്രകടനം പുറത്തെടുത്തു. ഈ വിജയത്തോടെ കേരളം ഗ്രൂപ്പ് ഡി യില്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. നാളെ നടക്കുന്ന അടുത്ത മത്സരത്തില്‍ മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളി.

Content Highlights: Kerala vs Chandigarh Vijay Hazare Trophy cricket 2021-2022 match result