ചെന്നൈ: രഞ്ജി ട്രോഫി മത്സരത്തില്‍ തമിഴ്‌നാടിനെതിരേ കേരളത്തിന് 369 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കേരളം മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ്. പരിചയസമ്പന്നനായ ജലജ് സക്‌സേനയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 21 പന്തില്‍ 12 റണ്‍സെടുത്ത സക്‌സേനയെ നടരാജന്‍ പുറത്താക്കുകയായിരുന്നു. 12 റണ്‍സോടെ അരുണ്‍ കാര്‍ത്തിക്കും ഒരു റണ്ണോടെ നൈറ്റ് വാച്ച്മാന്‍ സിജോമോന്‍ ജോസഫുമാണ് ക്രീസില്‍. 

അവസാന ദിവസമായ ഞായറാഴ്ച ഒമ്പതു വിക്കറ്റ് ശേഷിക്കെ വിജയത്തിലേക്ക് കേരളത്തിന് 342 റണ്‍സ് നേടണം. നേരത്തെ കേരളത്തെ ആദ്യ ഇന്നിങ്‌സില്‍ 152 റണ്‍സിന് പുറത്താക്കിയ തമിഴ്‌നാട്, രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. തമിഴ്‌നാട് 116 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു.

തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലും അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഇന്ദ്രജിത്തും (92), 59 റണ്‍സടിച്ച കൗശിക്കുമാണ് തമിഴ്‌നാട് ബാറ്റിങ്ങില്‍ തിളങ്ങിയത്. കേരളത്തിനായി സിജോമോന്‍ ജോസഫ് 4 വിക്കറ്റുകള്‍വീഴ്ത്തി. സന്ദീപ് വാര്യര്‍ രണ്ടും ജലജ് സക്‌സേന ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlights: kerala to win 342 runs against tamilnadu in ranji trophy match