തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്‌സ് മൈതാനത്തു നടക്കുന്ന കേരളം-മധ്യപ്രദേശ് രഞ്ജി ട്രോഫി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. മധ്യപ്രദേശിനെതിരേ ഇന്നിങ്‌സ് തോല്‍വിയുടെ വക്കില്‍ നിന്ന് അവിശ്വസനീയമായി തിരിച്ചുവന്ന കേരളം രണ്ടാം ഇന്നിങ്‌സില്‍ അവര്‍ക്കു മുന്നില്‍ വെച്ചത് 191 റണ്‍സ് വിജയലക്ഷ്യം.

ആദ്യ ഇന്നിങ്‌സില്‍ വെറും 63 റണ്‍സിന് പുറത്തായ കേരളം രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ വിഷ്ണു വിനോദിന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും കരുത്തില്‍ തിരിച്ചടിക്കുകയായിരുന്നു. 193 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിഷ്ണുവിന് അര്‍ഹിച്ച ഇരട്ട സെഞ്ചുറിയാണ് നഷ്ടമായത്. രഞ്ജിയിലെ വിനോദിന്റെ കന്നി സെഞ്ചുറിയാണിത്. സച്ചിന്‍ ബേബി പുറത്തായ ശേഷം വിഷ്ണുവിന് മികച്ച പിന്തുണ നല്‍കിയ ബേസില്‍ തമ്പി 57 റണ്‍സ് നേടി. ബേസിലും സന്ദീപ് വാര്യരും അടുത്തടുത്ത പന്തുകളില്‍ പുറത്തായതോടെയാണ് വിഷ്ണുവിന് ഇരട്ട സെഞ്ചുറി നഷ്ടമായത്. സച്ചിന്‍ ബേബി 143 റണ്‍സെടുത്തു. ഇരുവരുടെയും മികവില്‍ രണ്ടാം ഇന്നിങ്‌സില്‍ കേരളം സ്‌കോര്‍ ചെയ്തത് 455 റണ്‍സ്.

191 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മധ്യപ്രദേശ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് എന്ന നിലയിലാണ്. എട്ടു വിക്കറ്റുകള്‍ ശേഷിക്കെ വിജയത്തിലെത്താന്‍ അവര്‍ക്ക് 149 റണ്‍സ് കൂടി വേണം.

ഏഴാം വിക്കറ്റില്‍ വിഷ്ണു വിനോദ്-സച്ചിന്‍ ബേബി സഖ്യം കൂട്ടിച്ചേര്‍ത്ത 199 റണ്‍സാണ് കേരളത്തെ ഇന്നിങ്‌സ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. 265 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളം ഒരു ഘട്ടത്തില്‍ എട്ട് റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു.

Content Highlights: kerala ranji trophy match against madyapradesh