ബെംഗളൂരു: ഇന്ത്യയിലെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ ഞായറാഴ്ച പൂര്‍ത്തിയായിരുന്നെങ്കിലും തിങ്കളാഴ്ച മറ്റ് ഗ്രൂപ്പുകളിലെ മത്സരങ്ങള്‍കൂടി പൂര്‍ത്തിയായതോടെയാണ് അവസാന എട്ടില്‍ സ്ഥാനം ഉറപ്പായത്. ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാര്‍ച്ച് എട്ടുമുതല്‍ ഡല്‍ഹിയില്‍.

എലൈറ്റ് എ മുതല്‍ ഇ വരെയുള്ള ഗ്രൂപ്പുകളിലെ ജേതാക്കള്‍ നേരിട്ട് യോഗ്യത നേടി (ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മുംബൈ, കര്‍ണാടക, സൗരാഷ്ട്ര). സി ഗ്രൂപ്പില്‍ അഞ്ചില്‍ നാലു മത്സരങ്ങളും ജയിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു കേരളം. അഞ്ചു ഗ്രൂപ്പുകളില്‍നിന്നുമായി മികച്ച രണ്ടു ടീമുകളെ തിരഞ്ഞെടുത്തപ്പോള്‍ ഉയര്‍ന്ന റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ആറാമത്തെ ടീമായി ഉത്തര്‍പ്രദേശും ഏഴാം സ്ഥാനക്കാരായി കേരളവും നേരിട്ട് ക്വാര്‍ട്ടറിലെത്തി. 2012-13ലാണ് ഇതിനുമുമ്പ് ക്വാര്‍ട്ടറില്‍ കളിച്ചത്.

എട്ടാമത്തെ ടീമായ ഡല്‍ഹി, പ്ലേറ്റ് ഗ്രൂപ്പിലെ ജേതാക്കളായ ഉത്തരാഖണ്ഡുമായി എലിമിനേറ്റര്‍ കളിക്കും. ഇതില്‍ ജയിക്കുന്ന ടീമും ക്വാര്‍ട്ടറിലേക്ക് മുന്നേറും. കരുത്തരായ കര്‍ണാടക, ഉത്തര്‍പ്രദേശ്, റെയില്‍വേസ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് സിയില്‍ കര്‍ണാടകം ഒഴികെ മറ്റെല്ലാ ടീമുകളെയും ആധികാരികമായിത്തന്നെ കീഴടക്കാന്‍ കേരളത്തിനായി. ക്വാര്‍ട്ടറിലെത്താന്‍ മികച്ച റണ്‍റേറ്റില്‍ ജയം അനിവാര്യമായിരിക്കേ, ഞായറാഴ്ച 53 പന്തില്‍ 149 റണ്‍സടിച്ചാണ് ബിഹാറിനെ തോല്‍പ്പിച്ചത്. അന്തിമഫലത്തില്‍ ആ വിജയം പ്രധാനമായി. അല്ലെങ്കില്‍ കേരളം എട്ടാം സ്ഥാനത്തായേനെ.

പാതിമലയാളിയും മുന്‍ ഇന്ത്യന്‍ താരവുമായ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെ ഉജ്ജ്വല ഫോം ബാറ്റിങ്ങില്‍ കേരളത്തിന് മേല്‍ക്കൈ നല്‍കി. അഞ്ചില്‍ നാല് ഇന്നിങ്‌സിലും ഉത്തപ്പ അര്‍ധസെഞ്ചുറി കടന്നു (107, 81, 100, 87). ഇതില്‍ രണ്ട് സെഞ്ചുറിയും.

ഒരു ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായെങ്കിലും 135 സ്‌ട്രൈക്ക് റേറ്റില്‍ ആകെ 375 റണ്‍സ് സ്‌കോര്‍ ചെയ്തു.

38 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ റണ്‍നേട്ടത്തില്‍ എട്ടാം സ്ഥാനത്താണ് ഉത്തപ്പ. കര്‍ണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കല്‍ (അഞ്ച് ഇന്നിങ്‌സ്, 572 റണ്‍സ്) ഒന്നാംസ്ഥാനത്തുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം ഔദ്യോഗിക മത്സരത്തിലേക്ക് തിരിച്ചെത്തിയ എസ്. ശ്രീശാന്ത് ബൗളിങ്ങില്‍ കേരളത്തിന്റെ മുന്നേറ്റത്തിന് നേതൃത്വം നല്‍കി.

ഇന്ത്യയുടെ മുന്‍ താരം അഞ്ച് ഇന്നിങ്‌സില്‍ 13 പേരെ പുറത്താക്കി വിക്കറ്റ് നേട്ടത്തില്‍ ആറാംസ്ഥാനത്തെത്തി. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശിന്റെ ശിവം ശര്‍മ (അഞ്ച് മത്സരം, 18 വിക്കറ്റ്) ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു.

Content Highlights: Kerala qualified for the quarter finals of Vijay Hazare Trophy cricket