ന്യൂഡല്‍ഹി: ദേശീയ ടീമിലേക്ക് കേരളത്തില്‍ നിന്ന് ഒരു താരം കൂടി. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്ക് മലയാളി താരം ഷോണ്‍ റോജറെ തിരഞ്ഞെടുത്തു. ബംഗ്ലാദേശിനെതിരായ ട്രയാംഗുലര്‍ സീരിസിലാണ് ഷോണ്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറുക.

ഇന്ത്യ എ, ഇന്ത്യ ബി ടീമുകള്‍ ബംഗ്ലാദേശ് അണ്ടര്‍ 19 ടീമുമായി മത്സരിക്കും. ഇന്ത്യ അണ്ടര്‍ 19 ബി ടീമിലാണ് ഷോണ്‍ ഇടം നേടിയത്. 

കൊല്‍ക്കത്തയാണ് മത്സരവേദി. നവംബര്‍ 29 ന് ആരംഭിക്കുന്ന പരമ്പര ഡിസംബര്‍ ഏഴിന് അവസാനിക്കും. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ അണ്ടര്‍ 19 എ ടീം ബി ടീമുമായി മത്സരിക്കും. മൂന്ന് റൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടക്കുക. ഡിസംബര്‍ ഏഴിനാണ് ഫൈനല്‍.

കേരളത്തിനുവേണ്ടി അണ്ടര്‍-19 വിനു മങ്കാദ് ട്രോഫിയില്‍ നടത്തിയ പ്രകടനമാണ് ഷോണിനെ ദേശീയക്യാമ്പിലെത്തിച്ചത്. മുന്‍നിര ബാറ്ററും വലംകൈയ്യന്‍ ഓഫ് സ്പിന്നറുമായ ഷോണ്‍ വിനു മങ്കാദ് ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 294 റണ്‍സ് നേടി. ഇന്ത്യാ ചലഞ്ചര്‍ സീരിസില്‍ ബി ടീമിനായി 124 റണ്‍സും നാലു വിക്കറ്റും നേടി.

ശംഖുംമുഖം വെട്ടുകാട് എം.എ. ഭവനില്‍ ആന്റണി റോജറിന്റെയും പെട്രീഷ്യ റോജറിന്റെയും മകനാണ്. ദേശീയ കോച്ചായ ബിജു ജോര്‍ജിന്റെ കീഴിലാണ് എട്ടുവര്‍ഷമായി പരിശീലനം. യു.എ.ഇ.യില്‍ കളിച്ചുതുടങ്ങി. അവിടെ അണ്ടര്‍-16 ദേശീയ ടീം അംഗമായിരുന്നു. കെ.സി.എ. ടി-20 കേരള പ്രീമിയര്‍ ലീഗില്‍ പ്രോമിസിങ് ബാറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Kerala player Shoun Roger selected for under 19 Indian team