ചെന്നൈ: രഞ്ജി ട്രോഫി മത്സരത്തില്‍ മികച്ച ബാറ്റിങ്‌നിരയുമായി ഇറങ്ങിയ തമിഴ്‌നാടിനെ വിറപ്പിച്ച് കേരളം. സന്ദീപ് വാര്യറും ബേസില്‍ തമ്പിയും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ തമിഴ്‌നാടിന്റെ മുന്‍നിര തകര്‍ന്നു. 

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എന്ന നിലയിലാണ് തമിഴ്‌നാട്. കേരളത്തിനായി സന്ദീപ് വാര്യര്‍ മൂന്നും ബേസില്‍ തമ്പി രണ്ടു വിക്കറ്റും വീഴ്ത്തി. ഇന്ത്യന്‍ താരങ്ങളായ അഭിനവ് മുകുന്ദ്, ദിനേഷ് കാര്‍ത്തിക്ക് എന്നിവരെ ഉള്‍പ്പെടുത്തിയാണ് തമിഴ്‌നാട് ഇറങ്ങിയത്.  

81 റണ്‍സിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ തമിഴ്‌നാടിനെ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ക്യാപ്റ്റന്‍ ഇന്ദ്രജിത്ത്-ഷാരൂഖ് ഖാന്‍ സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. സ്‌കോര്‍ 184-ല്‍ എത്തിയപ്പോള്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഇന്ദ്രജിത്തിനെ (87) പുറത്താക്കി സന്ദീപ് വാര്യറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇന്ദ്രജിത്ത്-ജഗദീശന്‍ സഖ്യം 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 21 റണ്‍സെടുത്ത ജഗദീശനെ ജലജ് സക്‌സേനയാണ് പുറത്താക്കിയത്. 

കൗശിക് (16), അഭിനവ് മുകുന്ദ് (0), ബാബ അപരാജിത് (3), ദിനേഷ് കാര്‍ത്തിക്ക് (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 55 റണ്‍സെടുത്ത ഷാരൂഖും നാലു റണ്‍സെടുത്ത മുഹമ്മദുമാണ് ഇപ്പോള്‍ ക്രീസില്‍. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ തമിഴ്‌നാട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

നാലു മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമാണ് കേരളത്തിന്റെ ഇതുവരെയുള്ള നേട്ടം. 13 പോയിന്റാണ് കേരളത്തിനുള്ളത്.

Content Highlights: kerala on top against tamil nadu ranji trophy match