ന്യൂഡല്‍ഹി: അടുത്ത ഐ.പി.എല്‍ സീസണിലെ മത്സരങ്ങള്‍ക്ക് കേരളവും വേദിയാകാന്‍ സാധ്യത. വ്യാഴാഴ്ച അഹമ്മദാബാദില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച ചര്‍ച്ച നടന്നത്. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് എല്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും പങ്കാളിത്തം നല്‍കാനുള്ള ബി.സി.സി.ഐ തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. ഐ.പി.എല്ലില്‍ ഹോം എവേ മത്സരങ്ങള്‍ക്ക് പുറമെ നിഷ്പക്ഷ വേദികളിലും മത്സര നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേരളത്തിനടക്കം മത്സരങ്ങള്‍ അനുവദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ട്വന്റി 20 ലോകകപ്പ് മത്സരവും കേരളത്തില്‍ നടക്കാന്‍ സാധ്യതയുണ്ട്.

അതേസമയം 2022-ലെ ഐ.പി.എല്‍ സീസണില്‍ 10 ടീമുകളെ ഉള്‍പ്പെടുത്താനും അഹമ്മദാബാദില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനമായി.

Content Highlights: Kerala likely to host IPL matches BCCI Annual General Meeting