പെരിന്തല്‍മണ്ണ: രജ്ഞി ട്രോഫി ക്രിക്കറ്റില്‍ ആദ്യ ഇന്നിംഗിസില്‍ തകര്‍ന്നടിഞ്ഞ കേരളം ഹിമാചലിന് അതേ നാണയത്തില്‍ മറുപടി നല്‍കി. ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിനെ 103 റണ്‍സിന് ചുരുട്ടിക്കെട്ടി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചലിന്റെ ആദ്യ ഇന്നിംഗ്‌സ് 163 റണ്‍സിന് അവസാനിച്ചു. ബാറ്റസ്മാന്‍മാരുടെ ശവപ്പറമ്പായ പിച്ചില്‍, ചെറുതെങ്കിലും, ഹിമാചല്‍ നേടിയ 63 റണ്‍സ് ലീഡ് വളരെ നിര്‍ണായകമായേക്കും.

കേരളത്തിന് വേണി മോനിഷ് കാരപ്പറമ്പിലും ഫാബിദ് അഹമ്മദ്ദും മൂന്ന് വിക്കറ്റുകള്‍ വീതവും അക്ഷയ് ചന്ദ്രനും രണ്ടുവിക്കറ്റുകള്‍ വീതവുമെടുത്തു. 40 റണ്‍സ് നേടിയ പി.എസ് ചോപ്രയാണ് ഹിമാചലിന്റെ ടോപ്പ് സ്‌ക്കോറര്‍. എ.കെ ബെയിന്‍സ്, പി.കെ ഡോഗ്‌റ, എന്‍.ആര്‍ ഗാംഗ്ത, എന്നിവരാണ് ഹിമാചലിന് വേണ്ടി രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്‍മാര്‍. 30 എക്‌സ്ട്രാ റണ്ണുകള്‍ കേരളം വിട്ടുകൊടുത്തു. 

ആദ്യ ഇന്നിംഗ്‌സില്‍ ആര്‍ ആര്‍ ധവാനും അര്‍.കെ സിങ്ങുമായിരുന്നു കേരളത്തിന്റെ ബാറ്റിങ് 103 റണ്‍സില്‍ അവസാനിപ്പിച്ചത്. ധവാന്‍ 3 വിക്കറ്റുകളും സിങ് ആറ് വിക്കറ്റുകളും പിഴുതു. കേരളത്തിന് വേണ്ടി മുഹമ്മദ് അസ്ഹറുദ്ദീന്‍, സഞ്ചു സാംസണ്‍, മോനിഷ് കാരപ്പറമ്പില്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. കേരളത്തിന്റെ ഓപ്പണര്‍മാരായ വി.എ ജഗദീശിനെയും മുഹമദ്ദ് അസ്ഹറുദ്ദീനെയും ആര്‍.ആര്‍ ധവാനാണ് മടക്കിയത്. സച്ചിന്‍ ബേബിയെ ആര്‍.കെ സിങ്ങിന്റെ പന്തില്‍ എ.കെ റാണ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായ കേരളത്തിന് 25 ഉം നാലാം സ്ഥാനത്തുള്ള ഹിമാചലിന് 24 ഉം പോയന്റാണുള്ളത്.