ഹൈദരാബാദ്: വിനൂ മങ്കാദ് ട്രോഫി അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം പ്രീക്വാര്‍ട്ടറില്‍. ചരിത്രത്തില്‍ ആദ്യമായാണ് കേരളം അണ്ടര്‍ 19 ദേശീയ ടൂര്‍ണമെന്റില്‍ നോക്കൗട്ട് റൗണ്ടില്‍ എത്തുന്നത്. എലൈറ്റ് ഗ്രൂപ്പ് ഡി-യില്‍ തിങ്കളാഴ്ച കേരളം-ബറോഡ മത്സരം മഴകാരണം ഉപേക്ഷിച്ചു. ആദ്യം ബാറ്റുചെയ്ത കേരളം 50 ഓവറില്‍ ഏഴിന് 270 റണ്‍സെടുത്തിരിക്കേയാണ് മഴവന്നത്. 

കേരളവും ബറോഡയും രണ്ടു പോയന്റ് വീതം പങ്കിട്ടു. മുന്‍ കേരള താരം സുനില്‍ ഒയാസിസ് പരിശീലിപ്പിക്കുന്ന കേരളത്തിന്റെ കൗമാര ടീം തുടക്കംതൊട്ടേ ഉജ്ജ്വലഫോമില്‍ കളിക്കുന്നു. പ്രാഥമിക റൗണ്ടില്‍ ബംഗാള്‍, ഹൈദരാബാദ് ടീമുകളെ തോല്‍പ്പിച്ച കേരളം പഞ്ചാബ്, ഹരിയാണ ടീമുകളോട് തോറ്റു. അഞ്ചുകളിയില്‍ 10 പോയന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. നാലു ജയം ഉള്‍പ്പെടെ 18 പോയന്റുമായി ഹരിയാണ ഒന്നാംസ്ഥാനക്കാരായി. ഒക്ടോബര്‍ 11-ന് അഹമ്മദാബാദില്‍ നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ കേരളം രാജസ്ഥാനെ നേരിടും.

ബറോഡയ്‌ക്കെതിരേ ആദ്യം ബാറ്റുചെയ്ത കേരളത്തിനുവേണ്ടി ഷോണ്‍ റോജറും (121) രോഹന്‍ നായരും (100*) സെഞ്ചുറിനേടി. 120 പന്ത് നേരിട്ട ഷോണ്‍ 11 ഫോറും അഞ്ച്‌ സിക്സും സഹിതമാണ് 121 റണ്‍സില്‍ എത്തിയത്. ആറാമനായി ഇറങ്ങിയ രോഹന്‍ 138 പന്തില്‍ ഒമ്പതു ഫോര്‍ അടക്കം 100 റണ്‍സുമായി പുറത്താകാതെനിന്നു. നാലു വിക്കറ്റിന് 20 എന്നനിലയില്‍ തകര്‍ന്നശേഷം ഷോണും രോഹനും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 197 റണ്‍സടിച്ചു.

Content Highlights: Kerala enters Vinoo Mankad trophy pe-quarters