കൊച്ചി: കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ വിഷയത്തില്‍ കേരളത്തിന്റെ രഞ്ജി താരങ്ങള്‍ക്കെതിരെ നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ടീമിനുള്ളില്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെ.സി.എ താരങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. 

അഞ്ച് താരങ്ങളെ മൂന്ന് ഏകദിനങ്ങളില്‍ വിലക്കും പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. മുന്‍ ക്യാപ്റ്റന്‍മാരായ റെയ്ഫി വിന്‍സന്റ് ഗോമസ്, രോഹന്‍ പ്രേം എന്നിവര്‍ക്കും സന്ദീപ് വാര്യര്‍, കെ.എം. ആസിഫ്, മുഹമ്മദ് അസ്ഹറുദീന്‍ എന്നിവര്‍ക്കാണ് വിലക്ക് ലഭിച്ചത്. ഒപ്പം മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീസ് പിഴയായും നല്‍കണം. 

സഞ്ജു സാംസണ്‍, വി.എ. ജദഗീഷ്, എം.ഡി. നിധീഷ്, അഭിഷേക് മോഹന്‍, കെ.സി. അക്ഷയ്, ഫാബിദ് ഫാറൂഖ്, സല്‍മാന്‍ നിസാര്‍, സിജോ മോന്‍ എന്നിവര്‍ മൂന്ന് ദിവസത്തെ മാച്ച് ഫീസ് പിഴയായി നല്‍കണം. ഇവര്‍ക്ക് വിലക്കില്ല. 13 കളിക്കാരുടെയും പിഴ മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണു നല്‍കേണ്ടത്.

Read More: 'അഹങ്കാരിയും സ്വാര്‍ത്ഥനുമായ സച്ചിന്‍ ബേബിയെ മാറ്റണം'കേരള ടീമില്‍ പൊട്ടിത്തെറി

നേരത്തെ സച്ചിന്‍ ബേബിക്കെതിരെ കെ.സി.എയ്ക്ക് 13 കേരളാ താരങ്ങള്‍ ഒപ്പിട്ട കത്ത് നല്‍കിയിരുന്നു. സച്ചിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നത്. സച്ചിന്‍ തന്നിഷ്ടപ്രകാരമാണ് പെരുമാറുന്നതെന്നും സച്ചിന്റെ ഈ പെരുമാറ്റം കാരണം കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ ചരിത്ര വിജയത്തില്‍ പങ്കാളികളായ ടീമംഗങ്ങളില്‍ ചിലര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കായി കളിക്കാന്‍ പോയെന്നും കത്തില്‍ പറയുന്നു. 

എന്നാല്‍ സച്ചിന്‍ ബേബിക്ക് അനുകൂലമായ തീരുമാനമാണ് കെ.സി.എ എടുത്തത്. സച്ചിനെതിരായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു പരാതിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് കത്തില്‍ ഒപ്പുവെച്ച താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും കെ.സി.എ അയച്ചിരുന്നു. 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനായിരുന്നു നിര്‍ദ്ദേശം. പിന്നീട് ഇവരെ വിളിച്ചുവരുത്തി തെളിവെടുപ്പും നടത്തി. 

Read More: സച്ചിന്‍ ബേബിക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് കെ.സി.എ; താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഇതിനു പുറമേ ബെംഗളൂരുവില്‍ നടന്ന കെഎസ് സിഎ ട്രോഫി ടൂര്‍ണമെന്റിനിടെ ടീം മാനേജ്‌മെന്റിനെ അറിയിക്കാതെ ഹോട്ടല്‍വിട്ടു രണ്ടു ദിവസം മംഗലാപുരത്തേക്കു പോയ സംഭവത്തില്‍ സഞ്ജു സാംസണ്‍, മുഹമ്മദ് അസ്ഹറുദീന്‍, സല്‍മാന്‍ നിസാര്‍, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ക്കു വേറെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Content Highlights: Kerala Cricket Team Controversy Sachin Baby Sanju Samson KCA