കോഴിക്കോട്: കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചാകാനുള്ള പരിഗണനാ പട്ടികയില്‍ ശ്രീലങ്കയുടെ മുന്‍ അന്താരാഷ്ട്ര താരം അശാങ്ക ഗുരുസിംഗയും.

1985 മുതല്‍ 1996 വരെ ശ്രീലങ്കന്‍ ടീമിന്റെ പ്രധാന ബാറ്റ്സ്മാനായിരുന്ന ഗുരുസിംഗ കേരള കോച്ചാകാന്‍ താത്പര്യമറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) അപേക്ഷ അയച്ചിട്ടുണ്ട്. രഞ്ജിയില്‍ ആന്ധ്രയുടെ കോച്ചായിരുന്ന മുന്‍ കേരള താരം ജി. ജയകുമാറും താത്പര്യമറിയിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിനെ മികച്ച ടീമാക്കി മാറ്റിയ ജയകുമാര്‍ മുന്‍നിര താരങ്ങളുടെ വ്യക്തിഗത കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തില്‍നിന്നുതന്നെയുള്ള ഒരാളെ പരിശീലകനാക്കാമെന്ന അഭിപ്രായവും ശക്തമാണ്. ഈ സാഹചര്യത്തില്‍, ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് കോച്ചായിരുന്ന ബിജു ജോര്‍ജിന്റെ പേരും സജീവമായി ഉയരുന്നുണ്ട്. ജൂണ്‍ ഒന്നിന് കെ.സി.എ. ജനറല്‍ ബോഡി വിളിച്ചിട്ടുണ്ട്.

1996 ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായിരുന്ന ഡേവ് വാട്മോറായിരുന്നു കഴിഞ്ഞ സീസണുകളില്‍ കേരളത്തിന്റെ കോച്ച്. 2018-19 സീസണില്‍ കേരളത്തെ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിലെത്തിച്ച വാട്മോര്‍, ഇക്കഴിഞ്ഞ സീസണില്‍ വലിയ നേട്ടമുണ്ടാക്കാനാകാതെ ടീം വിട്ടു. വാട്മോറിനോളം തലയെടുപ്പുള്ള മറ്റൊരാളെ വീണ്ടും കണ്ടെത്തുക എളുപ്പമല്ല.

പ്രീ സീസണ്‍ മത്സരങ്ങള്‍ തുടങ്ങേണ്ട സമയമായെങ്കിലും ആഭ്യന്തര കലണ്ടര്‍ ഇതുവരെ വന്നിട്ടില്ല. മത്സരങ്ങളുടെ കാലയളവ് കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വലിയ പ്രതിഫലം നല്‍കി പുറത്തുനിന്ന് കോച്ചുമാരെ കൊണ്ടുവരേണ്ടെന്ന അഭിപ്രായം ശക്തമാണ്.

അണ്ടര്‍ 19 പരിശീലകനായി സുനില്‍ ഒയാസിസ്, അണ്ടര്‍ 23 ചുമതലയുമായി ഫിറോസ് വി. റഷീദ്, സഹ പരിശീലകന്‍ സോണി ചെറുവത്തൂര്‍ തുടങ്ങി സമീപകാലത്ത് കേരള ടീമിനൊപ്പമുണ്ടായിരുന്നവരുടെയും മുന്‍കാല താരങ്ങളുടെയും പേരുകളും പരിഗണനയ്ക്ക് വരും. ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറായി മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനും ടീമിനൊപ്പമുണ്ട്.

''പുറത്തുനിന്നുള്ള പരിശീലകന്‍ വേണോ എന്ന കാര്യം ജനറല്‍ ബോഡി തീരുമാനിക്കും. അതിനനുസരിച്ചായിരിക്കും ഭാവി കാര്യങ്ങള്‍'' - കെ.സി.എ. സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ പറഞ്ഞു.

Content Highlights: Kerala cricket team coach position Former Sri Lankan player asanka gurusinha in consideration