കൊച്ചി: ലോധ കമ്മിറ്റി റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ പേരില്‍ അനുരാഗ് ഠാക്കൂറിനെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനിലും സമ്പൂര്‍ണ അഴിച്ചു പണി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ടി.സി മാത്യവും സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി.എന്‍ അനന്തനാരായണനും സ്ഥാനമൊഴിഞ്ഞു.

പുതിയ പ്രസിഡന്റായി ബി.വിനോദിനെയും സെക്രട്ടറിയായി ജയേഷ് ജോര്‍ജ്ജിനെയും തെരഞ്ഞെടുത്തു. നിലവില്‍ കെ.എസി.എയുടെ ട്രഷററായിരുന്നു ജയേഷ് ജോര്‍ജ്ജ്‌. വൈസ് പ്രസിഡന്റുമാരായ ടി.ആര്‍ ബാലകൃഷ്ണന്‍, എസ്.ഹരിദാസ്, സുനില്‍ കോശി ജോര്‍ജ്ജ്, റോങ്ക്‌ളിന്‍ ജോണ്‍ എന്നിവരും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. 

ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിക്കാത്ത ബി.സി.സി.ഐയിലെയും സംസ്ഥാന അസോസിയേഷനുകളിലെയും എല്ലാ ഭാരവാഹികളും സ്ഥാനമൊഴിയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, മന്ത്രിമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ശിക്ഷിക്കപ്പെട്ടിട്ടുള്ളവര്‍, തുടര്‍ച്ചയായി ഒമ്പത് വര്‍ഷം ഭാരവാഹികള്‍ ആയവര്‍ എന്നിവരെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ.സി.എയിലും അഴിച്ചു പണി നടന്നത്. 

ലോധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് തനിക്ക് തുടരാനാവില്ലെന്നും കെ.സി.എ ഭാരവാഹിയായി ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയതിനാലാണ് സ്ഥാനമൊഴിയുന്നതെന്നും ടി.സി മാത്യു കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.