മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഹരിയാണയ്‌ക്കെതിരേ കേരളത്തിന് തോല്‍വി.

നാലു റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹരിയാണ ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളത്തിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ടൂര്‍ണമെന്റിലെ മികച്ച പ്രകടനങ്ങള്‍ക്കു ശേഷം തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ കേരളം ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. 

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സഞ്ജു വി. സാംസണും സച്ചിന്‍ ബേബിയും പൊരുതി നോക്കിയെങ്കിലും അവസാന ഓവറിലെ നാലാം പന്തില്‍ സച്ചിന്‍ പുറത്തായത് തിരിച്ചടിയായി. 

199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് സ്‌കോര്‍ 15-ല്‍ എത്തിയപ്പോള്‍ റോബിന്‍ ഉത്തപ്പയെ (8) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നു.

31 പന്തില്‍ നിന്ന് മൂന്നു സിക്‌സും അഞ്ച് ഫോറുമടക്കം 51 റണ്‍സെടുത്ത സഞ്ജുവിനെ പുറത്താക്കി സുമിത്ത് കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

പിന്നാലെ 25 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമായി 35 റണ്‍സെടുത്ത അസ്ഹറുദ്ദീനും മടങ്ങി. 

36 പന്തില്‍ നിന്ന് 68 റണ്‍സെടുത്ത സച്ചിന്‍ ബേബി ക്രീസില്‍ ഉണ്ടായിരുന്നപ്പോള്‍ കേരളത്തിന് വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അവസാന ഓവറിലെ നാലാം പന്തില്‍ സച്ചിന്‍ റണ്ണൗട്ടായതോടെ കേരളം മത്സരം കൈവിടുകയായിരുന്നു. ആറു സിക്‌സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

വിഷ്ണു വിനോദ് (10), സല്‍മാന്‍ നിസാര്‍ (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

നേരത്തെ ശിവം ചൗഹാന്‍ (59), ചൈതന്യ ബിഷ്നോയ് (45), ഐ.പി.എല്ലിലെ മിന്നും താരം രാഹുല്‍ തെവാത്തിയ (41*) എന്നിവരുടെ മികവിലാണ് ഹരിയാണ ആറിന് 198 റണ്‍സെന്ന സ്‌കോറിലെത്തിയത്.

Content Highlights: kerala crashed out of syed mushtaq ali trophy