കോഴിക്കോട്: കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. ചരിത്രത്തിലാദ്യമായി കേരള ടീമിനെ രഞ്ജി ട്രോഫി ക്വാര്‍ട്ടറിലെത്തിച്ച ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ സഹതാരങ്ങള്‍ രംഗത്ത്. പുതിയ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് സച്ചിനെ മാറ്റി പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന് 13 താരങ്ങള്‍ ഒപ്പിട്ട കത്ത് കൈമാറി.

'പ്രതീക്ഷകളോടെ പുതിയ സീസണ്‍ നോക്കിക്കാണുന്ന അവസരത്തില്‍ ടീമെന്ന നിലയിലുള്ള ആശങ്കയാണിത്. ഓരോ കളിക്കാരോടുമുള്ള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ പെരുമാറ്റം ടീമിന്റെ വിജയത്തിന് കോട്ടം വരുത്തുന്നതാണ്'. ഈ മാസം ആദ്യം കെ.സി.എയ്ക്ക് അയച്ച കത്തില്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സച്ചിന്‍ ബേബി സ്വാര്‍ഥനാണെന്നും അഹങ്കാരിയാണെന്നും പെട്ടെന്ന് ക്ഷോഭിക്കുന്നവനാണെന്നും ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും കത്തില്‍ പറയുന്നു. ടീം വിജയിച്ചാല്‍ എല്ലാ ക്രെഡിറ്റും ക്യാപ്റ്റനെടുക്കുന്നു. തോറ്റാല്‍ മറ്റു താരങ്ങളെ കുറ്റപ്പെടുത്തുന്നു. ക്യാപ്റ്റന്റെ ഈ സമീപനം താരങ്ങളെ വേദനിപ്പിക്കുന്നുണ്ട്. കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ ചരിത്ര വിജയത്തില്‍ പങ്കാളികളായ ടീമംഗങ്ങളില്‍ ചിലര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കായി കളിക്കാന്‍ പോയെന്നും കത്തില്‍ പറയുന്നു. ഇതിന് കാരണവും സച്ചിന്‍ ബേബി തന്നെയാണെന്നാണ് കത്തില്‍ ആരോപിക്കുന്നത്. കെ.സി.എ സെക്രട്ടറിയ്ക്ക് നല്‍കിയ കത്തില്‍ അഭിഷേക് മോഹന്‍, കെ.സി അക്ഷയ്, കെ.എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി.എ ജഗദീഷ്, മൊഹമ്മദ് അസ്ഹറുദ്ദീന്‍, എം.ഡി നിധീഷ്, വി.ജി റൈഫി, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ എന്നിവരാണ് ഒപ്പുവെച്ചത്. അതേസമയം, കത്തില്‍ പേരുണ്ടെങ്കിലും പി.രാഹുലും, വിഷ്ണു വിനോദും ഒപ്പിട്ടിട്ടില്ല.

അതേസമയം ബെംഗളൂരുവില്‍ നടക്കുന്ന ക്യാപ്റ്റന്‍ തിമ്മയ്യ മെമ്മോറിയല്‍ കെ.എസ്.സി.എ ട്രോഫിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കെ.സി.എ വ്യക്തമാക്കി.

കെ.സി.എയ്ക്ക് അയച്ച കത്ത്‌

KCA Letter

Content Highlights: Kerala captain Sachin Baby faces dissent teammates write to state cricket board