മുംബൈ: സയെദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ കരുത്തരായ മുംബൈയ്‌ക്കെതിരേ കൂറ്റന്‍ വിജയവുമായി കേരളം. എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. സെഞ്ചുറി നേടി പുറത്താവാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീനിന്റെ മികവിലാണ് ഗ്രൂപ്പ് ഇ യില്‍ കേരളം മുംബൈയ്‌ക്കെതിരേ രാജകീയ വിജയം സ്വന്തമാക്കിയത്. 

ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. മുംബൈ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട്  ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിനായി അസ്ഹറുദ്ദീന്‍ ഒറ്റയാന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 

വെറും 54 പന്തുകളില്‍ നിന്നും 137 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു. വെറും 15.5 ഓവറില്‍ 25 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് കേരളത്തിന്റെ വിജയം. ഒരു കിടിലന്‍ സിക്‌സിലൂടെയാണ് അസ്ഹറുദ്ദീന്‍ ടീമിനെ വിജയത്തിലെത്തിച്ചത്. 11 സിക്‌സുകളും 9 ഫോറുകളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. വെറും 37 പന്തുകളില്‍ നിന്നാണ് അസ്ഹറുദ്ദീന്‍ സെഞ്ചുറിനേടിയത്. 

പേരുകേട്ട മുംബൈ ബൗളിങ് നിരയെ ഒരു ദാക്ഷിണ്യവുമില്ലാതെയാണ് അസ്ഹറുദ്ദീന്‍ നേരിട്ടത്. 253.70 ആണ് താരത്തിന്റെ ഈ മത്സരത്തിലെ ശരാശരി ! അസറുദ്ദീനിന് പുറമേ 33 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും 22 റണ്‍സെടുത്ത നായകന്‍ സഞ്ജുവും മികച്ച പ്രകടനം കാഴ്ചവെച്ചു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 42 ആദിത്യ താരെയുടെയും 40 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും  38 റണ്‍സെടുത്ത നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും ബാറ്റിങ് മികവിലാണ് 196 റണ്‍സെടുത്തത്. 

കേരളത്തിനായി കെ.എം.ആസിഫ് നാലോവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റ് വീഴ്ത്തി. ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയും മൂന്നുവിക്കറ്റ് നേടി. ശേഷിച്ച വിക്കറ്റ് എം.ഡി.നിധീഷ് സ്വന്തമാക്കി. ആദ്യമത്സരത്തില്‍ നന്നായി പന്തെറിഞ്ഞ എസ്.ശ്രീശാന്തിന് വിക്കറ്റ് വീഴ്ത്താനായില്ല. നാലോവറില്‍ 47 റണ്‍സും താരം വഴങ്ങി. 

Content Highlights: Kerala beat Mumbai by 8 wickets in Syed Mushtaq Ali Trophy Cricket