ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മണിപ്പൂരിനെതിരേ കേരളത്തിന് തകര്‍പ്പന്‍ ജയം. 83 റണ്‍സിനാണ് കേരളം മണിപ്പൂരിനെ തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തപ്പോള്‍ മണിപ്പൂരിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കേരളം 46 പന്തില്‍ നിന്ന് 10 ബൗണ്ടറികളോടെ 75 റണ്‍സെടുത്ത സച്ചിന്‍ ബേബിയുടെ മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. വിഷ്ണു വിനോദ് (20 പന്തില്‍ നിന്ന് 34), മുഹമ്മദ് അസ്ഹറുദ്ദീല്‍ (26 പന്തില്‍ നിന്ന് 47) എന്നിവരും കേരളത്തിനായി തിളങ്ങി.

തകര്‍ച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സുള്ളപ്പോള്‍ കാര്‍ത്തിക്കിനെയും (1), രോഹന്‍ പ്രേമിനെയും (0) കേരളത്തിന് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ വിഷ്ണു വിനോദും (34), ഡാരില്‍ എസ് ഫെരാരിയോയും (22) ചേര്‍ന്ന് കേരളത്തെ 40 റണ്‍സിലെത്തിച്ചു. വിഷ്ണു വിനോദ് പുറത്തായ ശേഷം ക്രീസിലെത്തിയ സച്ചിന്‍ ബേബി ഡാരിലിനൊപ്പം അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

187 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മണിപ്പൂരിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 28 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്ത യശ്പാല്‍ സിങ്ങും 30 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത മായങ്ക് രാഘവുമാണ് മണിപ്പൂരിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കേരളത്തിനായി ബൗള്‍ ചെയ്ത ആറു പേരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ കേരളത്തിന് നാലു പോയന്റ് ലഭിച്ചു.

Content Highlights: kerala beat manipur in syed mushtaq ali trophy