ഹൈദരാബാദ്: ബൗളര്‍മാരുടെ മികവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരേ കേരളത്തിന് തകര്‍പ്പന്‍ ജയം. 94 റണ്‍സിനാണ് കേരളം ജമ്മു കശ്മീരിനെ തകര്‍ത്തത്. നാലു മത്സരങ്ങളില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ജമ്മു കശ്മീരിന്റെ ഇന്നിങ്‌സ് വെറും 65 റണ്‍സിന് അവസാനിച്ചു. കേരളത്തിനായി 42 പന്തില്‍ നിന്ന് 52 റണ്‍സടിച്ച വിനൂപ് മനോഹരനാണ് കേരളത്തിനായി തിളങ്ങിയത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ (32), വിഷ്ണു വിനോദ് (23), സല്‍മാന്‍ നിസാര്‍ (23*) എന്നിവരും കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

ജമ്മു കശ്മീരിനായി ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും പര്‍വേസ് റസൂലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മു കശ്മീര്‍ ബാറ്റ്‌സ്മാന്‍മാരെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാന്‍ കേരള ബൗളര്‍മാര്‍ അനുവദിച്ചില്ല. 24 റണ്‍സെടുത്ത ജതിന്‍ വാദ്വാനും 10 റണ്‍സെടുത്ത ഇര്‍ഫാന്‍ പത്താനും മാത്രമാണ് ജമ്മു കശ്മീര്‍ നിരയില്‍ രണ്ടക്കം കണ്ടത്. 

കേരളത്തിനായി മിഥുന്‍ മൂന്നു വിക്കറ്റ് നേടി. വിനൂപ് മനോഹരന്‍, നിധീഷ് എം.ഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Content Highlights: kerala beat jammu kashmir in syed mushtaq ali trophy