Photo: Mathrubhumi Archives
ന്യൂഡല്‍ഹി: കേരളം സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശിനെ എട്ടുവിക്കറ്റിനാണ് കേരളം തകര്‍ത്തത്.
ഹിമാചല്‍ ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം കേരളം 19.3 ഓവറില്‍ മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നു. 60 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും 52 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നായകന്‍ സഞ്ജു സാംസണുമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. സ്‌കോര്‍: ഹിമാചല്‍ പ്രദേശ് 20 ഓവറില്‍ ആറിന് 145. കേരളം 19.3 ഓവറില്‍ രണ്ടിന് 147.
മത്സരത്തില്‍ ടോസ് ജയിച്ച കേരളം ഹിമാചലിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 52 പന്തുകളില്‍ നിന്ന് 65 റണ്‍സെടുത്ത ഓപ്പണര്‍ രാഘവ് ധവാന്റെയും 36 റണ്‍സ് നേടിയ പി.എസ്.ചോപ്രയുടെയും ബാറ്റിങ് മികവില്‍ ഹിമാചല്‍ നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. കേരളത്തിനായി മിഥുന്‍ എസ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മനു കൃഷ്ണന്‍, ബേസില്‍ തമ്പി, ജലജ് സക്‌സേന, എം.എസ്.അഖില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
146 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനുവേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. എന്നാല്‍ 22 റണ്‍സെടുത്ത രോഹന്‍ എസ് കുന്നുമ്മലിനെ മടക്കി ജംവാൾ കേരളത്തിന്റെ ആദ്യ വിക്കറ്റ് പിഴുതു. പിന്നീട് ക്രീസിലൊന്നിച്ച അസ്ഹറുദ്ദീനും സഞ്ജുവും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. അസ്ഹറുദ്ദീന്‍ 57 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 60 റണ്‍സെടുത്തു. 39 പന്തുകളില്‍ നിന്ന് ആറുഫോറിന്റെയും ഒരു സിക്‌സിന്റെയും ബലത്തില്‍ 52 റണ്‍സെടുത്ത സഞ്ജുവും 10 റണ്‍സടിച്ച സച്ചിന്‍ ബേബിയും പുറത്താവാതെ നിന്നു.
ഹിമാചലിനുവേണ്ടി ജംവാളും ജെയ്സ്വാളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Kerala beat Himachal Pradesh in Syed Mushtaq Ali Trophy 2021-22
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..