രോഹൻ കുന്നുമ്മൽ | Photo: KCA
രാജ്കോട്ട്: ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. കരുത്തരായ ഗുജറാത്തിനെ എട്ടുവിക്കറ്റിന് തകര്‍ത്താണ് കേരളം വിജയം ആഘോഷിച്ചത്. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ഓപ്പണര്‍ രോഹന് കുന്നുമ്മലിന്റെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.
ഗുജറാത്ത് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നാലാം ദിനം രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച കേരളം രണ്ട്വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. രോഹന് 87 പന്തുകളില്‍ നിന്ന് 12 ബൗണ്ടറിയുടെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 106 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 76 പന്തുകളില്‍ നിന്ന് 62 റണ്‍സെടുത്ത നായകന് സച്ചിന് ബേബിയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഈ വിജയത്തോടെ കേരളം എലൈറ്റ് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളില്‍ നിന്ന് 13 പോയന്റാണ് കേരളത്തിനുള്ളത്. സ്കോര്‍ ഗുജറാത്ത്: 388, 264. കേരളം: 439, രണ്ടിന് 214
ഈ സെഞ്ചുറിയോടെ അപൂര്‍വമായ റെക്കോഡ് രോഹന് സ്വന്തമാക്കി. രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്സുകളില്‍ സെഞ്ചുറി നേടുന്ന ആദ്യ കേരളതാരം എന്ന റെക്കോഡാണ് രോഹന് സ്വന്തം പേരില്‍ കുറിച്ചത്. ആദ്യ ഇന്നിങ്സില്‍ താരം 129 റണ്‍സെടുത്തിരുന്നു. രോഹനൊപ്പം സല്മാന് നിസാര്‍ 28 റണ്‍സെടുത്ത പുറത്താവാതെ നിന്നു.
ഗുജറാത്ത് ഉയര്‍ത്തിയ 214 റണ്‍സിലേക്ക് ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ 27-ല്‍ നില്‍ക്കേ ഏഴ് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ പൊന്നം രാഹുലിനെ കേരളത്തിന് നഷ്ടമായി. എന്നാല്‍ പിന്നീട് ക്രീസിലൊന്നിച്ച സച്ചിനും രാഹുലും ചേര്‍ന്ന് കേരളത്തെ രക്ഷിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും 143 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും അര്‍ധസെഞ്ചുറി നേടുകയും ചെയ്തു
ടീം സ്കോര്‍ 170-ല്‍ നില്‍ക്കേ സച്ചിന് ബേബിയെ നഷ്ടപ്പെട്ടെങ്കിലും മറുവശത്ത് അനായാസം ബാറ്റിങ് തുടര്‍ന്ന രോഹന് സെഞ്ചുറി നേടി. സച്ചിന് പകരം വന്ന സല്മാന് നിസാറും നന്നായി ബാറ്റ് ചെയ്തതോടെ കേരളം അനായാസ വിജയം സ്വന്തമാക്കി.
ആദ്യ ഇന്നിങ്സില്‍ നിര്‍ണായകമായ 51 റണ്‍സിന്റെ ലീഡ് കേരളം സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ ഗുജറാത്ത് 264 റണ്‍സിന് പുറത്തായി. 81 റണ്‍സെടുത്ത കരണ്‍ പട്ടേലും 70 റണ്‍സ് നേടിയ ഉമങ് കുമാറുമാണ് ഗുജറാത്തിനായി തിളങ്ങിയത്. കേരളത്തിനുവേണ്ടി ജലജ് സക്സേന നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സിജോമോന്‍ മൂന്ന് വിക്കറ്റെടുത്തു. ബേസില്‍ തമ്പി രണ്ടുവിക്കറ്റെടുത്തപ്പോള്‍ ആദ്യ ഇന്നിങ്സില്‍ അഞ്ചുവിക്കറ്റെടുത്ത നിധീഷ് ഒരു വിക്കറ്റ് സ്വന്തമാക്കി. അടുത്ത മത്സരത്തില്‍ കരുത്തരായ മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളി.
Content Highlights: kerala beat gujarat by 8 wickets in ranji trophy elite group match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..